s

ചെന്നൈ: തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് മാസം 1,000 രൂപ നൽകുന്ന പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രതിഷേധമറിയിച്ച് വീട്ടമ്മ. ഈറോഡിൽ പ്രഭാത നടത്തത്തിനിടെ വോട്ട് അഭ്യർത്ഥിച്ചപ്പോൾ, വഴിയരികിൽ പച്ചക്കറി വിൽക്കുന്ന സ്ത്രീയാണ് പരിഭവം പറഞ്ഞത്.

1,000 രൂപ ലഭിക്കുന്ന പദ്ധതിയിലേക്കുള്ള തന്റെ അപേക്ഷ തള്ളിയെന്നും എല്ലാവർക്കും പണം തരുമെന്നാണ് വിശ്വസിച്ചതെന്നും അവർ പറഞ്ഞു. കാരണമില്ലാതെ അപേക്ഷ നിരസിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടിൽ സർക്കാർ ജീവനക്കാരുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്ന് അറിഞ്ഞപ്പോൾ അതാണ് കാരണമെന്ന് അറിയിച്ചു.

സംസ്ഥാനത്തെ 1.15 കോടി വീട്ടമ്മാർക്ക് മാസം 1,000 രൂപ നൽകുന്ന 'കലൈഞ്ജർ മകളിർ ഉരുമൈ തിട്ടം" ഡി.എം.കെ സർക്കാരിന്റെ അഭിമാന പദ്ധതിയാണ്. അപേക്ഷിച്ച 50 ലക്ഷത്തോളം വീട്ടമ്മമാരെ വിവിധ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇവരുടെ അമർഷം വോട്ടാക്കി മാറ്റാൻപ്രതിപക്ഷം ശ്രമിക്കുന്നുണ്ട്.