
ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ എൽ.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഭാരത് രത്ന സമ്മാനിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്വാനിയുടെ ഡൽഹിയിലെ വസതിയിൽ വച്ചാണ് സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ പങ്കെടുത്തു.
അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മോദി എക്സിൽ കുറിച്ചു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ ബഹുമതി. പൊതുപ്രവർത്തനത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും ആധുനിക ഇന്ത്യയെ വാർത്തെടുക്കുന്നതിൽ അദ്ദേഹം വഹിച്ച സ്തുത്യർഹമായ പങ്കും ചരിത്രത്തിൽ മായ്ക്കാനാവാത്ത മുദ്രയാണ്. പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും മോദി കുറിച്ചു.
അടൽ ബിഹാർ വാജ്‌പേയി സർക്കാരിൽ ഉപപ്രധാനമന്ത്രിയായിരുന്നു അദ്വാനി. ആഭ്യന്തര വകുപ്പടക്കം നിരവധി മന്ത്രാലയങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1970 മുതൽ 2019 വരെയുള്ള കാലയളവിൽ പാർലമെന്റ് അംഗമായിരുന്നു.
ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയും ലോക്സഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തിയുംകൂടിയാണ് അദ്വാനി. 2009ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി.വി നരസിംഹ റാവു, ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ, കാർഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ്. സ്വാമിനാഥൻ എന്നിവർക്ക് മരണാനന്തരം പ്രഖ്യാപിച്ച ഭാരത് രത്ന അവരുടെ കുംടുംബാംഗങ്ങൾ ഏറ്രുവാങ്ങിയിരുന്നു.