jobs

പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികൾക്ക് പൂർണമായും പ്ലേസ്‌മെന്റ് ലഭിക്കുന്നത് രാജ്യത്തെ ഏഴു ശതമാനം കോളേജുകളിൽ മാത്രമെന്ന് 2024ലെ വാർഷിക ടാലന്റ് റിപ്പോർട്ട്. 91 ശതമാനം വിദ്യാർത്ഥികളും അവരുടെ പഠന സിലബസ് മികച്ചതാണെന്ന് വിലയിരുത്തുമ്പോൾ, 66 ശതമാനം തൊഴിൽ ദാതാക്കളും, 42 ശതമാനം സർവകലാശാലകളും ആവശ്യമായ സ്‌കില്ലിന്റെ അഭാവമാണ് കാമ്പസ് പ്ലേസ്‌മെന്റിന് തടസമാകുന്നതെന്ന് വിലയിരുത്തുന്നു. ഇത് പരിഹരിക്കാൻ കാമ്പസിൽ തന്നെ സ്‌കിൽ വികസനത്തിന് പ്രാധാന്യം നൽകണമെന്നാണ് നിർദേശം.

ബിരുദപഠനത്തോടൊപ്പം പൊതുവിജ്ഞാനം, ഇംഗ്ലീഷിലുള്ള ആശയവിനിമയം, കമ്പ്യൂട്ടർ പരിജ്ഞാനം, നന്നായി എഴുതാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കണം. കേരളത്തിൽ അടുത്തിടെ സ്‌കൂളുകളിൽ ആഴ്ചയിൽ ഒരു പീരിയഡ് പത്രവായനയ്ക്കും പൊതുവിജ്ഞാനത്തിനും നീക്കിവയ്ക്കാനെടുത്ത തീരുമാനം ഫലപ്രദമായി നടപ്പാക്കിയാൽ വിദ്യാർത്ഥികളിൽ പൊതുവിജ്ഞാനം മെച്ചപ്പെടും.

മാറുന്ന കാലത്ത് ആവശ്യമായ സ്‌കില്ലുകളിലും വലിയമാറ്റങ്ങൾ പ്രകടമാണ്. അതിനുതകുന്ന രീതിയിൽ ഗ്ലോബൽ സ്‌കിൽസ് 2024 അനുസരിച്ചുള്ള സ്‌കില്ലുകൾ ബിരുദ പഠന കാലയളവിൽ തന്നെ വിദ്യാർത്ഥികൾ സ്വായത്തമാക്കണം. നേതൃപാടവം, സംരംഭകത്വം, ബിസിനസ്, ടെക്‌നിക്കൽ, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ലിംഗ്വിസ്റ്റിക്, മാർക്കറ്റിംഗ്, സെയിൽസ്, സ്ട്രാറ്റജി ആന്റ് ഓപ്പറേഷൻസ്, ഡാറ്റ സയൻസ് സ്‌കില്ലുകൾക്ക് ഇന്ന് പ്രാധാന്യമേറെയാണ്.

ടെക്‌നോളജി സ്‌കില്ലുകളിൽ ക്‌ളൗഡ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ്, പ്രോഗ്രാമിംഗ്, ഡാറ്റാബേസ്, മൊബൈൽ ഡെവലപ്‌മെന്റ്, ഡിസൈൻ, ഓപ്പറേഷൻസ് സിസ്റ്റംസ്, സെക്യൂരിറ്റി എൻജിനിയറിംഗ്, സോഫ്റ്റ്‌വെയർ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ്, വെബ് ഡെവലപ്‌മെന്റ്, സൈബർ സെക്യൂരിറ്റി, ആൻഡ്രോയിഡ് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ, അൽഗൊരിതംസ് എന്നിവയ്ക്കാണ് സാദ്ധ്യതയേറുന്നത്.

ഡാറ്റ സയൻസിൽ ഡാറ്റ അനാലിസിസ്, ഡാറ്റ മാനേജ്‌മെന്റ്, ഡാറ്റ വിഷ്വലൈസേഷൻ, മെഷീൻ ലേണിംഗ്, മാത്തമാറ്റിക്‌സ്, പ്രോബബിലിറ്റി & സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമിംഗ്, കമ്പ്യൂട്ടർ ആർക്കിടെക്ചർ, ബയോഇൻഫോർമാറ്റിക്‌സ്, എപ്പിഡെമിയോളജി എന്നിവ ഉൾപ്പെടുന്നു.

സ്‌കിൽ ആവശ്യകതയിലെ വ്യത്യാസങ്ങൾ

ജോബ് സ്‌കിൽസ്

ലീഡർഷിപ്, സൈബർ സെക്യൂരിറ്റി, എ.ഐ സ്‌കില്ലുകളുടെ പ്രാധാന്യം ഇന്ന് വളരെ വലുതാണ്. വികസ്വര രാജ്യങ്ങളിലും, വികസിത രാജ്യങ്ങളിലും സ്‌കിൽ ആവശ്യകതയിൽ വ്യത്യാസങ്ങളുണ്ട്. ആഗോളവത്കൃതയുഗത്തിൽ വ്യവസായ സേവനമേഖലകൾക്കാവശ്യമായ സ്‌കില്ലുള്ളവരുടെ ആവശ്യകത വളരെ കൂടുതലാണ്. 80% തൊഴിൽ ദാതാക്കൾക്കും മികച്ച തൊഴിൽ നൈപുണ്യമുള്ളവരെ ലഭിക്കുക എന്നത് ശ്രമകരമാണെന്ന് സമ്മതിക്കുന്നു.

പ്രായോഗിക, തൊഴിലധിഷ്ഠിത സ്‌കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്, അഡ്വെർടൈസിംഗ് മേഖലയും കരുത്താർജിച്ചു വരുമ്പോൾ ഇതുമായി ബന്ധപ്പെട്ട സ്‌കില്ലുകൾക്കും കോഴ്‌സുകൾക്കും സാദ്ധ്യതയേറുന്നു. 2030ഓടു കൂടി ഈ മേഖല 1.5 ട്രില്യൺ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്.

78 ശതമാനം ആളുകളും സോഷ്യൽ മീഡിയയെ കൂടുതലായി ആശ്രയിക്കും. ലീഡർഷിപ് സ്‌കില്ലുകളിൽ വ്യക്തിഗത മാനേജ്മെന്റ്, നെഗോഷിയേഷൻ, ഇൻഫ്‌ളുൻസിംഗ്, തൊഴിലാളി ബന്ധങ്ങൾ, വ്യക്തിത്വ വികസനം എന്നിവ ഉൾപ്പെടും. ഡാറ്റ സയൻസ് സ്‌കില്ലുകളിൽ പവർ ബി1, ടാബ്ലോ സോഫ്റ്റ്‌വെയർ, ഡാറ്റ വിഷ്വലൈസേഷൻ, ഡാറ്റ മോഡൽ, ബിസിനസ് ഇന്റലിജൻസ്, റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ് എന്നിവ ഉൾപ്പെടുന്നു. ഉദ്യോഗാർത്ഥികളിൽ 11 ശതമാനം പേർക്കേ ഡാറ്റ വിഷ്വലൈസേഷനിൽ നൈപുണ്യമുള്ളൂവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.