d

കാളികാവ്: കാളികാവിൽ രണ്ടര വയസ്സുകാരി പിതാവിന്റെ മർദ്ദനമേറ്റ് മരിച്ചതിനു പിന്നാലെ മറ്റൊരു രണ്ടര വയസ്സുകാരിയും പിതാവിന്റെ മർദ്ദനമേറ്റ് ചികിത്സയിൽ. കാളികാവ് പൂങ്ങോട് നാലു സെന്റ് കോളനിയിലെ ഫർഷാനയുടെ മകൾ ഷഹാനയ്ക്കാണ് മർദ്ദനമേറ്റത്. കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പിതാവ് ചാഴിയോട്ടിലെ തൊണ്ടിയിൽ ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മർദ്ദനമേറ്റ പാടുള്ളതായി മാതാവ് പറഞ്ഞു .എക്സ്‌റേയിൽ ചുമലിനു താഴെ എല്ലിനു പൊട്ടുള്ളതായും കണ്ടെത്തി. ഈ മാസം 21നാണ് സംഭവം. പൂങ്ങോട് നാലുസെന്റ് കോളനിയിലെ മാതാവിന്റെ വീട്ടിൽ നിന്നും ഷഹാനയേയും അനിയത്തിയേയും കാളികാവ് ചാഴിയോട്ടിലെ ജുനൈദിന്റെ വീട്ടിലെത്തിച്ച ശേഷമാണ് മർദ്ദിച്ചത്. കുട്ടിയുടെ ശരീരത്തിൽ കൈവിരൽ പാടുകളുണ്ട്. സംഭവത്തിന് ശേഷം കുട്ടിയെ ആദ്യം വണ്ടൂർ താലൂക്ക് ആശുപത്രിയിലും വീട്ടിലെത്തിച്ച ശേഷം വീണ്ടും കാളികാവ് സി.എച്ച്.സിയിലും ചികിത്സിച്ചു. തുടർന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായാണ് 28ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. നേരത്തെയും കുട്ടിക്കും മാതാവിനുമെതിരെ പ്രതി അക്രമം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായി കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.