ആലക്കോട്: ആലക്കോട് ന്യൂബസാറിലെ പ്ലാസ ഹോട്ടലിൽ കവർച്ച നടത്തി മുങ്ങിയ പ്രതിയെ മാഹിയിൽ നിന്നും അറസ്റ്റ് ചെയ്തു.
കാർത്തികപുരം തോണ്ടിക്കുഴിയിലെ പുതുശ്ശേരി ഷിജു (39) വിനെയാണ് ആലക്കോട് എസ്.എച്ച്.ഒ. എ.അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. ആഗസ്തിയും സംഘവും ചേർന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 21ന് രാത്രി പൂട്ടിക്കിടന്ന ഹോട്ടലിൽ കടന്ന് മേശവലിപ്പ് കുത്തിത്തുറന്ന് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന 23000 രൂപ കവർച്ച നടത്തി മുങ്ങിയ പ്രതിയെ മാഹിയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആലക്കോട് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.