ഇരിങ്ങാലക്കുട: 2023 ജനുവരിയിൽ മുരിയാട് നടന്ന വധശ്രമകേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി കണ്ണൂർ സ്വദേശിയും മുരിയാട് താമസിച്ച്
വരുന്നയാളുമായ പരിപ്പിൽ ഈറ്റത്തോട് ബിബിൻ സണ്ണി (29)യെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കോലാർ ജില്ലയിൽ ഇരഗമുത്തനഹള്ളി എന്ന ഗ്രാമത്തിൽ നിന്നാണ് സി.ഐ: മുഹമ്മദ് ബഷീർ, സി.പി.ഒമാരായ അനീഷ്, സവീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2023 ജനുവരി മാസത്തിൽ മുരിയാടുള്ള എംപറർ ഇമ്മാനുവൽ ചർച്ചിലെ ജ്ഞാന പ്രകാശ് എന്ന യുവാവിനെ കത്തികൊണ്ട് മാരകമായി കുത്തി മുറിവേൽപ്പിച്ച ശേഷം കടന്നു കളഞ്ഞ കേസിലെ പ്രതിയാണ് പിടിയിലായ ബിബിൻ സണ്ണി. തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒളിസങ്കേതം വളഞ്ഞാണ് പ്രതിയെ വലയിലാക്കിയത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ പ്രത്യേക ടീമിന്റെ നിരീക്ഷണത്തിലായിരുന്ന ബന്ധുവിന്റെ നീക്കങ്ങളാണ് പ്രതിയുടെ ഒളിത്താവളത്തിലേക്കുള്ള വഴി തുറന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.