നെടുമ്പാശേരി: ചെങ്ങമനാട് ഗവ. ഹൈസ്‌കൂളിന്റെ വാതിലുകൾ ചവിട്ടിത്തകർത്ത നിലയിൽ കണ്ടത്തി. എൽ.പി സ്‌കൂളിൽനിന്ന് അലങ്കാരമത്സ്യങ്ങളും മോഷ്ടിച്ചു. ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ മുറിയുടെയും സ്റ്റാഫ് റൂമിന്റെയും വാതിലുകളാണ് തകർത്തത്. സ്ട്രീംലാബ്, കമ്പ്യൂട്ടർലാബ്, രണ്ട് ക്ലാസ് മുറികളുടെ വാതിലുകൾ എന്നിവ തകർത്ത് തുറന്നിട്ട നിലയിലായിരുന്നു. ലൈറ്റ് സംവിധാനങ്ങളും തകരാറിലാക്കി.

ഇന്നലെ രാവിലെ പ്യൂൺ സ്‌കൂളിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ബന്ധപ്പെട്ടവർ സ്‌കൂളിലെത്തി നടത്തിയ പരിശോധനയിൽ വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബോദ്ധ്യമായി. ഏതാനും മാസംമുമ്പ് പഴയ കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികളുടെ വാതിലുകൾ തകരാറിലാക്കുകയും ലൈറ്റിന്റെ സ്വിച്ചുകളും, വയറുകളും മോഷ്ടിക്കുകയും ചെയ്തിരുന്നു. ഹൈസ്‌കൂളിൽ നടന്ന സംഭവമറിഞ്ഞ് സമീപത്തുള്ള ചെങ്ങമനാട് ഗവ. എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ. രജനി സ്‌കൂളിലെ സി.സി ടിവി ക്യാമറ പരിശോധിച്ചപ്പോൾ രണ്ട് മുതിർന്ന കുട്ടികൾ ബക്കറ്റുമായെത്തി തൊപ്പികൊണ്ട് മുഖംമറച്ച് സ്‌കൂളിലെ മത്സ്യംവളർത്തുന്ന ടാങ്കിൽനിന്ന് വെള്ളംകോരിക്കളഞ്ഞ് അലങ്കാര മത്സ്യങ്ങൾ മോഷ്ടിക്കുന്ന ദൃശ്യം കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 10.40ഓടെയാണ് മോഷണം നടന്നിട്ടുള്ളത്. മാസങ്ങൾക്ക് മുമ്പ് അലങ്കാരമത്സ്യങ്ങൾ മോഷണം പോയതിനെത്തുടർന്ന് പുതിയ മത്സ്യങ്ങൾ വാങ്ങിയാണ് ടാങ്കിൽ നിക്ഷേപിച്ചിരുന്നത്. രണ്ടിടത്തും ചെങ്ങമനാട് പൊലീസ് പരിശോധന നടത്തി. സംഭവം ഡി.ഇ.ഒയെയും അറിയിച്ചിട്ടുണ്ട്.