
മീററ്റ്: അഴിമതി കേസുകളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുൾപ്പെടെ അറസ്റ്റിലായിരിക്കെ, പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
എൻ.ഡി.എ അഴിമതിക്കെതിരെ പോരാടുമ്പോൾ പ്രതിപക്ഷം അഴിമതിക്കാരെ രക്ഷിക്കുകയാണ്. അഴിമതിക്കെതിരെ താൻ നടപടിയെടുത്തതിൽ ചിലർ വലയുകയാണെന്നും മോദി പരിഹസിച്ചു.
ഉത്തർപ്രദേശിലെ മീററ്റിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തിരഞ്ഞെടുപ്പുകൾ സർക്കാരിനെ തിരഞ്ഞെടുക്കാനല്ല. വികസിത ഭാരതം സൃഷ്ടിക്കാനാണ്. പത്ത് വർഷം അഴിമതിക്കെതിരായ ഞങ്ങളുടെ പോരാട്ടം രാജ്യം കണ്ടതാണ്. പാവപ്പെട്ടവരുടെ പണം ഇടനിലക്കാർ തട്ടിയെടുക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കി. അഴിമതിക്കെതിരെയാണ് ഞാൻ പോരാടുന്നത്. അതാണ് മോദിയുടെ മന്ത്രം. അതുകൊണ്ടാണ് അഴിമതിക്കാർ ജയിലുകളിൽ കഴിയുന്നത്. അഴിമതിക്കെതിരെ പോരാടുന്ന എൻ.ഡി.എയും അഴിമതിക്കാരെ രക്ഷിക്കാൻ പോരാടുന്നവരും തമ്മിലാണ് തിരഞ്ഞെടുപ്പ് മത്സരം. ജനങ്ങളുടെ മോഷ്ടിച്ച സ്വത്ത് അവർക്ക് തിരികെ നൽകും. വികസനം തുടരാൻ സർക്കാർ പ്രതിബദ്ധമാണ്. അടുത്ത അഞ്ച് വർഷത്തേക്കുള്ള രൂപരേഖ തയ്യാറാക്കി. അടുത്ത ടേമിന്റെ ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കും. 'ഇന്ത്യ' സഖ്യം കർഷകരെ വെറുക്കുന്നുവെന്നും മോദി പറഞ്ഞു.
എല്ലാ റൗഡികളും
ബി.ജെ.പിയിൽ: സ്റ്റാലിൻ
തമിഴ്നാട്ടിലെ ക്രമസമാധാന നില തകരാറിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എല്ലാ റൗഡികളും ബി.ജെ.പിയിലാണെന്ന് പറഞ്ഞ അദ്ദേഹം, തമിഴ്നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് എന്ത് അവകാശമാണെന്ന് ചോദിച്ചു. സേലത്ത് ഡി.എം.കെ സ്ഥാനാർത്ഥി ടി.എം. സെൽവ ഗണപതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രതികരണം.
ബി.ജെ.പിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 261 നേതാക്കളുണ്ട്. ബി.ജെ.പി നേതാക്കൾക്കെതിരെ 1,977 കേസുകളുണ്ട്. റൗഡികൾ സ്വന്തം പാർട്ടിയിലായിരിക്കുമ്പോൾ ക്രമസമാധാനത്തെക്കുറിച്ച് പറയാൻ മോദിക്ക് എന്ത് അവകാശമാണുള്ളത്. തമിഴ്നാട്ടിലെ ക്രമസമാധാനം തകർന്നതിന്
തെളിവ് കാണിക്കാനും സ്റ്റാലിൻ വെല്ലുവിളിച്ചു.
മോദിയുടെ കണ്ണീർ സ്വന്തം കണ്ണുകൾ പോലും വിശ്വസിക്കില്ലെന്ന് കഴിഞ്ഞ ദിവസം സ്റ്റാലിൻ വിമർശിച്ചിരുന്നു. തമിഴ് അറിയില്ലെന്ന് പറഞ്ഞ് മോദി കരയും. ഹിന്ദി അടിച്ചേല്പിക്കുകയും ചെയ്യും. മോദിയെ തമിഴ് ജനത എങ്ങനെ വിശ്വസിക്കും. വിമാനങ്ങളിൽ തമിഴിൽ അറിയിപ്പ് നിർബന്ധം ആക്കുമെന്ന മോദിയുടെ 2019ലെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചായിരുന്നു സ്റ്റാലിന്റെ വിമർശനം.