weather

തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പെത്തിയതോടെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ താപനിലയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

വയനാട്, ഇടുക്കി ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചത്.കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കുറേ ദിവസമായി തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്.

തൃശൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. സംസ്ഥാനത്ത് ഇത്തവണ വേനല്‍ക്കാലത്ത് ഏറ്റവും വലിയ ചൂട് കാലാവസ്ഥ രേഖപ്പെടുത്തിയതും തൃശൂര്‍ ജില്ലയിലാണ്.

മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് മലയോരമേഖലകള്‍ ഒഴികെയുള്ളിടത്ത് ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ചൂട് 38 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയര്‍ന്നു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.

അതേസമയം വേനല്‍ കടുത്ത നില തുടരുന്നുണ്ടെങ്കിലും ചില ജില്ലകളില്‍ മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിക്കുന്നു.