
ഗുവാഹത്തി: ദുബ്രി എം.പി ബദ്റുദ്ദീൻ അജ്മലിനെതിരെ അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. എം.പിക്ക് വീണ്ടും വിവാഹം കഴിക്കണമെങ്കിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പ് വേണമെന്നും അല്ലെങ്കിൽ അറസ്റ്റ് നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. ബഹുഭാര്യത്വം നിയമവിരുദ്ധമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച ഒരു റാലിക്കിടെ ബദ്റുദ്ദീൻ അജ്മൽ പറഞ്ഞ കാര്യങ്ങൾക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. തനിക്ക് പ്രായമായെന്ന് കോൺഗ്രസിലെ റാക്കിബുൾ ഹുസൈൻ പറയുന്നു. തനിക്ക് ഇപ്പോഴുമൊരു വിവാഹം കഴിക്കാനുള്ള ശക്തിയുണ്ടെന്നും മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിലും അത് നടക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.