s

ന്യൂഡൽഹി: മഥുരയിൽ ബോളിവുഡ് നടിയും ബി.ജെ.പി നേതാവുമായ ഹേമ മാലിനിക്കെതിരെ ഒളിമ്പിക്സ് മെഡൽ ജേതാവായ സൂപ്പർ ബോക്സർ വിജേന്ദർ സിംഗിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയേക്കും. 2019ൽ ലോക്‌സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടിയിൽ ചേർന്ന വിജേന്ദർ സൗത്ത് ഡൽഹിയിൽ മത്സരിച്ചെങ്കിലും 13.56 ശതമാനം വോട്ടുമാത്രമാണ് നേടിയത്.

മഥുരയിൽ 2004ലാണ് ഒടുവിൽ കോൺഗ്രസ് ജയിച്ചത്. നിലവിലെ ഉന്നാവ് എം.പി സാക്ഷി മഹാരാജിലൂടെയാണ് ബി.ജെ.പി 1991ൽ മണ്ഡലം പിടിച്ചത്. 2004ൽ മാനവേന്ദ്ര സിംഗും 2009ൽ ആർ.എൽ.ഡിയുടെ ജയന്ത് ചൗധരിയും മാത്രമാണ് ഇതിനിടെ ജയിച്ച ബി.ജെ.പി ഇതര നേതാക്കൾ. 2014ൽ ഹേമ മാലിനിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. 2019ലും അവർ മണ്ഡലം നിലനിറുത്തി.