
ന്യൂഡൽഹി: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോൺഗ്രസ് സർക്കാർനടപടിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ആരോപിച്ചു.
തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷൻ കെ. അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിൽ 'ടൈംസ് ഓഫ് ഇന്ത്യ" പുറത്തുവിട്ട റിപ്പോർട്ട് പങ്കുവച്ചുകൊച്ചായിരുന്നു വിമർശനം. റിപ്പോർട്ട് ഞെട്ടിക്കുന്നതും കണ്ണ് തുറപ്പിക്കുന്നതുമാണ്. എത്ര നിസ്സാരമായാണ് കോൺഗ്രസ് കച്ചത്തീവിനെ വിട്ടുകൊടുത്തത്. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്ന് ഇന്ത്യക്കാരുടെ മനസ്സിൽ വീണ്ടും ഉറപ്പിക്കുന്നതാണ് ഇത്. 75 വർഷമായി ഇന്ത്യയുടെ താത്പര്യങ്ങൾക്കും ഐക്യത്തിനും എതിരാണ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളെന്നും എക്സിൽ കുറിച്ചു. രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ മാന്നാർ കടലിടുക്കിലെ ചെറുദ്വീപാണ് കച്ചത്തീവ്. 1974ൽ ഇന്ത്യ ഇത് ശ്രീലങ്കയ്ക്കു കൈമാറുകയായിരുന്നു.
തമിഴ്നാട്ടിലെ മീൻപിടിത്തക്കാർക്കുനേരെ ശ്രീലങ്കൻസേന നടത്തുന്ന അതിക്രമങ്ങൾ തടയുന്നതിന് കച്ചത്തീവ് ഇന്ത്യ തിരിച്ചുപിടിക്കുകതന്നെ ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു. ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കുമെന്ന് 2014ൽ മോദിയും വാഗ്ദാനംചെയ്തിരുന്നു.