ipl

സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ്

അഹമ്മദാബാദ് : കഴിഞ്ഞ മത്സരത്തിൽ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുയർത്തി മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ചിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ ഇന്നലെ ഏഴുവിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റാൻസ്. ടൈറ്റാൻസിന്റെ സീസണിലെ മൂന്ന് മത്സരങ്ങളിലെ രണ്ടാം ജയമാണിത്.

ഇന്നലെ അഹമ്മദാബാദിൽ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങി 162/8 എന്ന സ്കോറുയർത്തിയ സൺറൈസേഴ്സിനെതിരെ 19.1 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു ഗുജറാത്ത്. ഇംപാക്ട് പ്ളേയറായി ഇറങ്ങി നാലോവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമ്മയാണ് മാൻ ഒഫ് ദ മാച്ചായത്. ഹൈദരാബാദ് ബാറ്റർമാരെ കൂടുതൽ നേരം ക്രീസിൽ കാലുറപ്പിച്ചുനിന്ന് കളിക്കാൻ അനുവദിക്കാതിരുന്ന ഗുജറാത്ത് ബൗളിംഗ് നിരയുടെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്.

ഓപ്പണിംഗിനെത്തിയ മായാങ്ക് അഗർവാളും (16), ട്രാവിസ് ഹെഡും (19) ചേർന്ന് 4.2 ഓവറിൽ 34 റൺസ് കൂട്ടിച്ചേർത്തിരുന്നു. മായാങ്കിനെ ദർശൻ നൽകണ്ഡേയുടെ കയ്യിലെത്തിച്ച് ഹഷ്മത്തുള്ള ഒമർസായ്‌യാണ് സൺറൈസേഴ്സിന് ആദ്യ പ്രഹരം നൽകിയത്. ഏഴാം ഓവറിൽ ഹെഡിനെ ബൗൾഡാക്കി നൂർ അഹമ്മദ് അടുത്ത പ്രഹരമേൽപ്പിച്ചു. തുടർന്ന് അഭിഷേക് ശർമ്മ (29), എയ്ഡൻ മാർക്രം(17), ഹെൻറിച്ച് ക്ളാസൻ (24), ഷഹ്ബാസ് അഹമ്മദ് (22), അബ്ദുസമദ് (29)എന്നിവരുടെ ചെറുത്തുനിൽപ്പാണ് 162ലേക്ക് സ്കോർ എത്തിച്ചത്. അഭിഷേക്,ഷഹ്ബാസ്,വാഷിംഗ്ടൺ സുന്ദർ (0) എന്നിവരെയാണ് രോഹിത് മടക്കി അയച്ചത്. നൂർ അഹമ്മദ്, ഉമേഷ് യാദവ്, ഹഷ്മത്തുള്ള,റാഷിദ് ഖാൻ എന്നിവർ ഓരോവിക്കറ്റ് സ്വന്തമാക്കി.

മറുപടിക്കിറങ്ങിയ ടൈറ്റാൻസിന് വേണ്ടി ഇംപാക്ട് പ്ളേയറായി ഇറങ്ങിയ സായ് സുദർശൻ (45) ഓപ്പണർമാരായ വൃദ്ധിമാൻ

സാഹ (25), ശുഭ്മാൻ ഗിൽ (36),ഡേവിഡ് മില്ലർ (27 പന്തുകളിൽ 44 റൺസ്) എന്നിവരുടെ പ്രകടനമാണ് വിജയം നൽകിയത്. സാഹയും നായകൻ ഗില്ലും ചേർന്ന് നാലോവറിൽ 36 റൺസ് നേടിയാണ് പിരിഞ്ഞത്. ഷഹബാസാണ് സാഹയെ കമ്മിൻസിന്റെ കയ്യിലെത്തിച്ചത്. പത്താം ഓവറിൽ ടീമിനെ 74ൽ എത്തിച്ചശേഷമാണ് ഗിൽ മടങ്ങിയത്. തുടർന്ന് സായ് സുദർശനും ഡേവിഡ് മില്ലറും തകർത്തടിച്ച് വിജയത്തിന് അരികിലെത്തിച്ചു.17-ാം ഓവറിന്റെ ആദ്യ പന്തിൽ കമ്മിൻസ് സായ്‌യെ പുറത്താക്കിയതിന് പിന്നാലെ വിജയ് ശങ്കറെ (14*) ക്കൂട്ടി മില്ലർ വിജയത്തിലെത്തിച്ചു.