
മുംബയ്: അദാനി ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ നവി മുംബയില്‍ പുതിയതായി പണികഴിപ്പിക്കുന്ന വിമാനത്താവളത്തിന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. 60 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയായ വിമാനത്താവളം 2025 മാര്‍ച്ച് 31ന് മുമ്പ് തുറക്കാനാകുമെന്നാണ് വിവരം.
താമരയുടെ രൂപത്തിലാണ് വിമാനത്താവളം രൂപകല്‍പന ചെയ്തിരിക്കുന്നത്. 16,700 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സിനാണ്. 2021ലാണ് ജിവികെയില്‍ നിന്ന് അദാനി ഗ്രൂപ്പ് നിര്‍മാണച്ചുമതല ഏറ്റെടുക്കുന്നത്.
മുംബയ് ചത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്ക് നിയന്ത്രിക്കാവുന്നതില്‍ കൂടുതലായതോടെയാണ് പുതിയ വിമാനത്താവളം നവിമുംബയില്‍ പണികഴിപ്പിക്കാന്‍ തീരുമാനിച്ചത്. 1160 ഏക്കറിലായി നാലു ഘട്ടമായാണ് വിമാനത്താവളം വികസിപ്പിക്കുന്നത്.
ആദ്യരണ്ടു ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ച് 31 ന് മുന്‍പ് പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. 2032ല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും.ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനവും റണ്‍വേകളുടെ നിര്‍മാണ പ്രവര്‍ത്തനവും അന്തിമഘട്ടത്തിലാണ്. 3700 മീറ്റര്‍ നീളമുള്ള രണ്ട് റണ്‍വേകളാണ് നിര്‍മ്മിക്കുന്നത്. 60 മീറ്റര്‍ വീതിയും റണ്‍വേകള്‍ക്കുണ്ട്.
2022ല്‍ പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ വിമാനത്താവളത്തിന് തറക്കല്ലിട്ടത്.പ്രദേശവാസികളുടെ പ്രതിഷേധം കാരണം ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ വൈകിയതോടെ നിര്‍മാണപ്രവര്‍ത്തനങ്ങളും ഇഴഞ്ഞു.
2021ലാണ് അദാനി ഗ്രൂപ്പ് എത്തുന്നത്. പിന്നീട്, 2022ല്‍ ഏറ്റെടുത്ത ഭൂമി സിഡ്‌കോ അദാനി ഗ്രൂപ്പിന് കൈമാറിയതോടെ നിര്‍മാണം വേഗത്തിലായി.