
ഹരിപ്പാട്: പരിശീലനത്തിനെത്തിയ സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജിം ഉടമ പൊലീസിന്റെ പിടിയിലായി. ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷൻ വടക്കുവശം ഫിറ്റ്നസ് സെന്റർ നടത്തി വരുന്ന ചേപ്പാട് മണിപ്പുഴ വീട്ടിൽ ജിപ്സൺ ജോയെയാണ് (35) ഹരിപ്പാട് പൊലീസ് നെടുമ്പാശേരി എയർപോർട്ടിൽനിന്ന് പിടികൂടിയത്. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും പണം തന്ന് സഹായിച്ചാൽ ജിമ്മിന്റെ പാർട്ണർഷിപ്പിൽ ചേർക്കാമെന്നും പറഞ്ഞാണ് സ്ത്രീകളിൽ നിന്ന് ഇയാൾ ലക്ഷങ്ങൾ തട്ടിയത്. ഇത്തരത്തിൽ പണംനൽകിയ രണ്ട് യുവതികൾ ഹരിപ്പാട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ വിദേശത്താണെന്ന് അറിഞ്ഞു.
കഴിഞ്ഞ ദിവസം ജിപ്സൺ തിരികെ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോൾ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പരാതിക്കാരിയായ ഒരു യുവതിയിൽ നിന്നും മാസം തോറും 12000 രൂപ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് 4,70,000രൂപ വാങ്ങുകയും പിന്നീട് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം പേരിലാക്കിത്തരാമെന്ന് പറഞ്ഞ് പലപ്പോഴായി 7,00,500 രൂപ തട്ടിയെടുക്കുകയും ചെയ്തു.
പ്രതിയുടെതന്നെ മറ്റൊരു ഫിറ്റ്നസ് സെന്ററിൽ വച്ച് മറ്റൊരു യുവതിയുമായി പരിചയപ്പെടുകയും സമാന രീതിയിൽ പലപ്പോഴായി പണം തട്ടുകയും ചെയ്തു. ക്രെഡിറ്റ് കാർഡ് കൈക്കലാക്കി യുവതി അറിയാതെ പണം പിൻവലിക്കുകയും അത് ഉപയോഗിച്ച് ജിം ഉപകരണങ്ങൾ വാങ്ങിയത് ഉൾപ്പടെ 23,00,000 രൂപയാണ് തട്ടിയെടുത്തു. പണം തിരികെ ചോദിച്ചപ്പോൾ യുവതിയുടെ സ്വകാര്യ ഫോട്ടോകൾ ഭർത്താവിനും സഹോദരനും സുഹൃത്തുക്കൾക്കും ഫോൺ വഴി അയച്ചു കൊടുത്തു മാനസികമായും തകർക്കുകയായിരുന്നു. തുടർന്നാണ് പ്രതി വിദേശത്തേക്ക് കടന്നതെന്നും പൊലീസ് പറഞ്ഞു.ഹരിപ്പാട് ഐ.എസ്.എച്ച്.ഒ അഭിലാഷ് കുമാറിന്റെ നിർദ്ദേശനുസരം എസ്. ഐ ശ്രീകുമാർ, സി.പി.ഒ മാരായ സജാദ്, കിഷോർ, പ്രദീപ് ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.