
തിരുവനന്തപുരം : പുതിയ സാമ്പത്തിക വർഷാരംഭമായ നാളെ മുതൽ പല ധനകാര്യ സേവനങ്ങളിലും മാറ്റം വരും. ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നെടുക്കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ഏപ്രിൽ ഒന്നു മുതൽ പിഴപ്പലിശ ഈടാക്കില്ല. പകരം പിഴത്തുകയാകും ഉപഭോക്താക്കളിൽ നിന്ന് വാങ്ങുക. പുതിയ വായ്പകൾക്ക് മാത്രമാണ് ഇത് ബാധകമാകുന്നത്. നിലവിലുള്ള വായ്പകൾക്ക് ജൂൺ 30നകം ഈ നിബന്ധന ബാധകമാകും.
നാളെ മുതൽ വില്ക്കുന്ന പുതിയ ഇൻഷ്വറൻസ് പോളിസികൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കണമെന്ന് കമ്പനികൾക്ക് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി(ഐ.ആർ.ഡി.എ) നിർദേശം നൽകി. വിവിധ കമ്പനികളുടെ പോളിസികൾ അതിവേഗം ട്രാക്ക് ചെയ്യുന്നതിനും അനായാസേന ഇടപാടുകൾ നടത്താനും പുതിയ സംവിധാനം സഹായകരമാകും. ഉപഭോക്താക്കളുടെ താത്പര്യങ്ങൾ പൂർണമായും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സമ്പൂർണ ഡിജിറ്റലൈസേഷൻ കർശനമാക്കുന്നത്.
2013ൽ ഡിജിറ്റൽ പോളിസികൾ അനുവദിക്കാൻ നയതീരുമാനമുണ്ടായതെങ്കിലും നാല് കമ്പനികൾ മാത്രമാണ് പൂർണമായും ഇ പോളിസികൾ അവതരിപ്പിച്ചത്. ഐ.ആർ.ഡി. എ നിബന്ധന കർശനമാക്കിയതോടെ പോളിസികൾ വാങ്ങുന്ന ഉപഭോക്താക്കൾ പുതിയ ഇഇൻഷ്വറൻസ് അക്കൗണ്ട് തുറക്കേണ്ടി വരും. ഒരു ഉപഭോക്താവിന് ഒരു ഇഅക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. അവരുടെ എല്ലാ പോളിസികളും ഡിജിറ്റൽ ഫോർമാറ്റിൽ ഈ അക്കൗണ്ടിൽ സൂക്ഷിക്കാൻ കഴിയും. പഴയ പേപ്പർ രൂപത്തിലുള്ള പോളിസികൾ ഡിജിറ്റലായി മാറ്റുന്നതിനും അവസരം ലഭിക്കും.
ക്രെഡിറ്റ് കാർഡ് സേവനങ്ങളിലും നാളെ മുതൽ മാറ്റമുണ്ടാകും. വിമാനത്താവളങ്ങളിലെ ലോഞ്ചുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണമെങ്കിൽ നിശ്ചിത കാലയളവിൽ ഇടപാടുകൾ നടത്തണമെന്നാണ് സേവന കമ്പനികൾ പുതുതായി കൊണ്ടുവരുന്ന നിബന്ധന. കാർഡ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന റിവാർഡുകൾ റെഡീം ചെയ്യുന്ന രീതിയിലും ഇന്ന് മുതൽ മാറ്റമുണ്ടാകും. യെസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ തീരുമാനം ബാധിക്കും.
നാഷണൽ പെൻഷൻ സിസ്റ്റത്തിൽ(എൻ.പി.എസ്) ലോഗിൻ ചെയ്യുന്നതിന് ഇന്ന് മുതൽ ആധാർ വെരിഫിക്കേഷൻ നിർബന്ധമാകും. എസ്. ബി.ഐയുടെ ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിന്റനൻസ് ചാർജ് ഇന്ന് മുതൽ കൂടും. വിദേശത്തെ എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മ്യൂച്വൽ ഫണ്ടുകൾക്ക് സെബി ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തി.