
കൊച്ചി: ഏഷ്യയിലെ അൻപത് പ്രമുഖ റെസ്റ്ററന്റുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് സ്ഥാപനങ്ങൾ ഇടം പിടിച്ചു. മുംബയിലെ മാസ്‌ക്യു, ന്യൂഡെൽഹിയിലെ ആക്സന്റ്, ചെന്നൈയിലെ ആവർത്തന എന്നിവയാണ് മുൻനിര റെസ്റ്ററന്റുകളുടെ പട്ടികയിൽ ഉൾപ്പെട്ടത്. മാസ്ക്യു പട്ടികയിൽ 23ാം സ്ഥാനത്താണ്. പ്രതീക് സദ്ദുവും അദിതി ദുഗാറും ചേർന്ന് 2016ൽ സ്ഥാപിച്ച മാസ്ക്യു ഇന്ത്യയിലെ ഏറ്റവും മികച്ച റെസ്റ്ററന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ വിവിധ വിഭവങ്ങൾ ഏറെ സ്വാദിഷ്ടമായി വിളമ്പുന്ന ന്യൂഡെൽഹിയിലെ ആക്സന്റ് തുടർച്ചയായി ഒൻപതാമത്തെ വർഷമാണ് ഏഷ്യയിലെ മുൻ നിര റെസ്റ്ററന്റുകളുടെ പട്ടികയിൽ ഇടം പിടിക്കുന്നത്. പട്ടികയിൽ 26ാം സ്ഥാനമാണ് ഇവർക്കുള്ളത്.
ചെന്നൈയിലെ ഐ.ടി.സി ചോളയിലെ ഭക്ഷണശാലയായ ആവർത്തന പട്ടികയിൽ അൻപതാം സ്ഥാനത്താണ്.
ടോക്കിയോയിലെ സെസന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ടോക്കിയോയിലെ ഫ്ളോറിലീഗ്, ബാങ്കോക്കിലെ ജാഗൻ ആനന്ദ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.