
വിശാഖപട്ടണം : ഐ.പി.എല്ലിൽ ഈ സീസണിൽ ആദ്യമായി മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗിന് ഇറങ്ങിയിട്ടും ചെന്നൈ സൂപ്പർകിംഗ്സിന് തോൽവി. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 20 റൺസിന് ഡൽഹി ക്യാപ്പിറ്റൽസാണ് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസ് നിശ്ചിത 20 ഓവറിൽ 191/5 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് 171/6 എന്ന സ്കോറിലേ എത്താനായുള്ളൂ.
ഈ സീസണിലെ ആദ്യ അർദ്ധസെഞ്ച്വറി നേടിയ ഡേവിഡ് വാർണർ(52), പരിക്കിന്റെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ അർദ്ധസെഞ്ച്വറി നേടിയ നായകൻ റിഷഭ് പന്ത് (51) , സീസണിൽ ലഭിച്ച ആദ്യ അവസരം പ്രയോജനപ്പെടുത്തിയ പൃഥ്വി ഷാ (43), മിച്ചൽ മാർഷ് (18) എന്നിവരുടെ പോരാട്ടമാണ് ഡൽഹിയെ ഈ സ്കോറിലെത്തിച്ചത്. 35 പന്തുകളിൽ അഞ്ചുഫോറും മൂന്ന് സിക്സുമടക്കമാണ് വാർണർ അർദ്ധസെഞ്ച്വറി നേടിയത്. റിഷഭ് 32 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടിച്ചു. ചെന്നൈയ്ക്ക് വേണ്ടി മതീഷ് പതിരാന മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി അജിങ്ക്യ രഹാനെ (45), ഡാരിൽ മിച്ചൽ (34)എന്നിവർ പൊരുതിനോക്കിയെങ്കിലും തുടരെ വിക്കറ്റുകൾ വീഴ്ത്തി ഖലീൽ അഹമ്മദും മുകേഷ് കുമാറും സമ്മർദ്ദത്തിലാക്കി. ഒടുവിൽ എട്ടാമനായി ധോണി ഇറങ്ങി 16 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 37 റൺസ് നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. സീസണിലെ മൂന്ന് മത്സരങ്ങളിൽ ചെന്നൈയുടെ ആദ്യ തോൽവിയും ഡൽഹിയുടെ ആദ്യ ജയവുമാണിത്.