
മുംബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17ാം സീസണില്‍ തങ്ങളുടെ ആദ്യ ഹോം മാച്ചിന് ഇറങ്ങാനൊരുങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ മുംബയ് ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്‍മാരായ ഐപിഎല്‍ ശക്തന്‍മാരുടെ ക്യാമ്പില്‍ പക്ഷേ കാര്യങ്ങള്‍ അത്ര ശുഭമല്ല. ഹാര്‍ദിക് പാണ്ഡ്യയെ രോഹിത്തിന് പകരം ക്യാപ്റ്റനാക്കിയത് മുതല്‍ ആരാധക രോഷത്തിന്റെ ചൂടറിയുകയാണ് ക്ലബ്ബ്.
ക്യാപ്റ്റനാക്കി പ്രഖ്യാപനം വന്നപ്പോള്‍ തന്നെ ലക്ഷക്കണക്കിന് ആരാധകര്‍ സമൂഹമാദ്ധ്യമങ്ങളില്‍ മുംബയ് ഇന്ത്യന്‍സിന്റെ പേജ് അണ്‍ഫോളോ ചെയ്ത് രോഷം പ്രകടിപ്പിച്ചിരുന്നു. സീസണ്‍ തുടങ്ങി മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ ആരാധകര്‍ ശാന്തരാകുമെന്ന് മാനേജ്‌മെന്റ് കണക്കുകൂട്ടിയെങ്കിലും കൂടുതല്‍ വഷളാകുകയാണ് കാര്യങ്ങള്‍.
സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മുംബയ് തോല്‍ക്കുകയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പല തീരുമാനങ്ങളും മണ്ടത്തരങ്ങളായി മാറുകയും ചെയ്ത സാഹചര്യം കൂടിയാണ് നിലവിലുള്ളത്. മാത്രമല്ല ആദ്യ മത്സരത്തില്‍ രോഹിത്തിനെ പാണ്ഡ്യ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യിപ്പിച്ചത് ആരാധകര്‍ എളുപ്പം മറക്കില്ല.
ഹാര്‍ദിക്കിന്റെ സ്വന്തം നാടായ ഗുജറാത്തില്‍ മത്സരം നടന്നപ്പോള്‍ പോലും ആരാധകര്‍ പാണ്ഡ്യയെ കൂകി വിളിക്കുകയും രോഹിത്തിന് ജയ് വിളിക്കുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ ഇത്രയുമൊക്കെ ആയി നില്‍ക്കുമ്പോള്‍ നാളെ സ്വന്തം തട്ടകമായ മുംബയ് വാംഖഡെ സ്‌റ്റേഡിയത്തില്‍ തങ്ങളുടെ ആദ്യ ഹോം മാച്ച് കളിക്കാനൊരുങ്ങുകയാണ് മുംബയ് ഇന്ത്യന്‍സ്. രാജസ്ഥാനാണ് എതിരാളികള്‍.
രോഹിത് ശര്‍മ്മ മുംബയ് സ്വദേശിയാണ്. ക്രിക്കറ്റ് താരമായി ഇന്ത്യന്‍ നായകന്‍ മാറിയത് ഇവിടെ നിന്നാണ്. രാജ്യത്തെമ്പാടും ആരാധകരുള്ള രോഹിത്തിന് സ്വന്തം നാട്ടില്‍ ആരാധകപിന്തുണ കൂടുതലാണ്. കാണികള്‍ ഹാര്‍ദിക്കിനോടും മുംബയ് ഇന്ത്യന്‍സ് മാനേജ്‌മെന്റിനോടുമുള്ള രോഷം പ്രകടിപ്പിക്കുമെന്ന് തീര്‍ച്ച.
ഹാര്‍ദിക്കിനെ കൂകി വിളിക്കുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൊലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കുമെന്നാണ് പ്രചരിച്ച വാര്‍ത്തകള്‍ എന്നാല്‍ ഇത് ശരിയല്ലെന്നും കാണികള്‍ക്കെതിരെ ഒരുതരത്തിലുള്ള നടപടിയും ഉണ്ടാകില്ലെന്നുമാണ് മുംബയ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിക്കുന്നത്.