tata

കൊച്ചി: അസംസ്കൃത സാധനങ്ങളുടെ വിലയിടിവും സാമ്പത്തിക മേഖലയിലെ തളർച്ചയും കണക്കിലെടുത്ത് പ്രമുഖ വാഹന നിർമ്മാണ കമ്പനികൾ കാർ വിപണിയിൽ അധിക ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഒരുങ്ങുന്നു. കാർ വില്പന മികച്ച മുന്നേറ്റത്തിലാണെങ്കിലും വരും മാസങ്ങളിൽ സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ കമ്പനികളുടെ വില്പനയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. വാഹന വായ്പകളുടെ ഉയർന്ന പലിശ നിരക്കും ഐ.ടി, റിയൽ എസ്റ്റേറ്റ്, കാർഷിക മേഖലകളിലെ തളർച്ചയും രാജ്യത്തെ വാഹന വിപണിക്ക് കടുത്ത വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. ആഡംബര കാറുകളും ഹൈ എൻഡ് വാഹനങ്ങളുമൊഴികെ മറ്റ് മോഡലുകളുടെ വില്പനയിലുണ്ടാകുന്ന ഇടിവ് പ്രതിസന്ധി രൂക്ഷമാക്കുമെന്ന സൂചനയാണ് നൽകുന്നതെന്ന് വാഹന ഡീലർമാർ പറയുന്നു. ആക്സസറീസിലും ഇൻഷ്വറൻസിലും നികുതിയിലും വിപുലമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്കായി പ്രഖ്യാപിക്കാനാണ് മാരുതി സുസുക്കി ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഒരുങ്ങുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലം ഗ്രാമീണ. കാർഷിക മേഖലകളിൽ കഴിഞ്ഞ മാസങ്ങളിൽ വാഹന വില്പനയിൽ കനത്ത ഇടിവാണ് സൃഷ്ടിച്ചത്. ഫെബ്രുവരിയിൽ വിവിധ കമ്പനികളുടെ കാർ വില്പന വൻ വളർച്ച നേടിയെങ്കിലും സാഹചര്യം അനുകൂലമല്ലെന്നും അവർ പറയുന്നു. സെമികണ്ടക്ടർ ചിപ്പുകളുടെ ലഭ്യതയിലുണ്ടായ കുറവ് മൂലം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ കാർ വില്പന വലിയ പ്രതിസന്ധിയാണ് നേരിട്ടത്. എന്നാൽ ആഗോള സാമ്പത്തിക മേഖലയിൽ മാന്ദ്യം ശക്തമായതോടെ ഉത്പാദനത്തിലെ പ്രതിസന്ധി പൂർണമായും ഒഴിവായെന്ന് പ്രമുഖ വാഹന നിർമ്മാണ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തിൽ വില്പന മെച്ചപ്പെടുത്താൻ ഉപഭോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്. ടാറ്റ മോട്ടോഴ്സ് ഉൾപ്പെടെ ചില കമ്പനികൾ ഏപ്രിൽ ഒന്ന് മുതൽ വിവിധ മോഡലുകളുടെ വില വർദ്ധന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിപണിയിലെ സമ്മർദ്ദം കണക്കിലെടുത്ത് വിപണന തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് കൊച്ചിയിലെ പ്രമുഖ കാർ കൺസൾട്ടന്റായ സി. ഡേവിസ് പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി വാഹന വിപണി മികച്ച വളർച്ച നേടിയതിനാൽ പ്രമുഖ കമ്പനികളെല്ലാം തുടർച്ചയായി കാർ വില ഉയർത്തുകയായിരുന്നു. എൻട്രി ലെവൽ കാറുകളുടെ വില്പനയിലെ വൻ തിരിച്ചടി വിപണി സമ്മർദ്ദത്തിലാണെന്ന സൂചനയാണെന്ന് ഡീലർമാർ പറയുന്നു. ഓഹരി, കമ്പോള, ലോഹ വിപണിയിലുണ്ടായ മുന്നേറ്റം സൃഷ്ടിച്ച ആവേശത്തിലാണ് കഴിഞ്ഞ വർഷങ്ങളിൽ വാഹന വില്പന പ്രധാനമായും മുന്നോട്ട് നീങ്ങിയത്. എന്നാൽ ആ സാഹചര്യങ്ങളിൽ മാറ്റം വരുന്നുവെന്നാണ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്.