court

കോലഞ്ചേരി: നിരോധനത്തെ നിഷ്ഫലമാക്കി വിപണിയില്‍ പ്‌ളാസ്റ്റിക് കാരി ബാഗുകള്‍ സുലഭം. കടുത്ത നിരോധനവും പിടിച്ചെടുത്താല്‍ വന്‍തുക പിഴയും ഈടാക്കി നിരോധന കാരി ബാഗുകള്‍ക്ക് കടിഞ്ഞാണിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ ഭരണ കൂടങ്ങളും ആഞ്ഞ് ശ്രമിക്കുമ്പോഴും ഇവയുടെ വില്പന നിര്‍ബാധം തുടരുകയാണ്.

വ്യാപാരികളും വഴിയോരക്കച്ചവടക്കാരും ഉള്‍പ്പെടെ മിക്കയിടങ്ങളിലും വില്പനക്കാര്‍ സാധനങ്ങള്‍ നല്‍കുന്നത് നിരോധിച്ച പ്ലാസ്റ്റിക് കവറുകളിലാണ്. പച്ചക്കറി, പലവ്യഞ്ജനക്കടകളിലും നിരോധിത കാരിബാഗുകള്‍ സുലഭമാണ്. 50 മൈക്രോണില്‍ താഴെയുള്ള പ്‌ളാസ്റ്റിക് കാരിബാഗുകളോ കവറുകളും വില്ക്കാനോ കടകളില്‍ വില്പനയ്ക്ക് വച്ചിരിക്കുന്ന ഉത്പന്നങ്ങളില്‍ ഉപയോഗിക്കാനോ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ മൈക്രോണ്‍ അളന്ന് കണ്ടു പിടിക്കാനുള്ള ഒരു ഉപകരണം പോലും ആരോഗ്യ വകുപ്പിന് ലഭ്യമാക്കിയിട്ടില്ല.

50 മൈക്രോണില്‍ കൂടുതലുള്ള കവറിലാണ് ഉത്പന്നം പായ്ക്ക് ചെയ്തിരിക്കുന്നത് എന്നുള്ള പ്രിന്റിംഗ് മാത്രമാണ് പരിശോധിക്കപ്പെടുന്നത്. നാളുകളായി പരിശോധനയും മുടങ്ങി. തുടക്കത്തില്‍ ഒട്ടേറെ കടകളില്‍ നിന്ന് ടണ്‍ കണക്കിന് പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുത്തിരുന്നു. കടകളില്‍ കൃത്യമായ പരിശോധനയും നടത്തിയിരുന്നു. നിരോധനം സംബന്ധിച്ച മുന്നറിയിപ്പുകള്‍ പുറത്തിറക്കുന്നതല്ലാതെ നിലവില്‍ പരിശോധന നടക്കുന്നില്ല.

ഒരുസമയത്ത് ക്കച്ചവടക്കാര്‍ പഴയരീതിയില്‍ തേക്കിലകളും പേപ്പറും മറ്റും മീന്‍ പൊതിഞ്ഞുനല്‍കാന്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. കൊവിഡ് നിയന്ത്രണത്തിന്റെ മറവില്‍ പരിശോധന കുറഞ്ഞതോടെയാണ് കച്ചവടക്കാര്‍ പ്ലാസ്റ്റിക് കാരിബാഗ് വീണ്ടും കൈയിലെടുത്തത്.

പിഴ അര ലക്ഷം, പക്ഷെ ഒരു കാര്യവുമില്ല...

2020 ജനുവരി ഒന്ന് മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം കര്‍ശനമായി നടപ്പായത്. നിരോധിത ഉത്പന്നങ്ങള്‍ സൂക്ഷിക്കുകയോ നിര്‍മ്മിക്കുകയോ വില്പന നടത്തുകയോ ചെയ്താല്‍ 10,000രൂപ പിഴ ഈടാക്കും. ആവര്‍ത്തിച്ചാല്‍ 25,000 രൂപയും മൂന്നാംവട്ടം പിടിക്കപ്പെട്ടാല്‍ 50,000 രൂപയും ഈടാക്കും.

അതോടെ തുണിസഞ്ചികള്‍ ധാരാളം വിപണിയില്‍ ഇറങ്ങിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ തലത്തിലും തുണിസഞ്ചികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുപോലെ മീന്‍ വാങ്ങാന്‍ ജനങ്ങള്‍ സ്വന്തമായി തുണി സഞ്ചിയോ പാത്രങ്ങളോ ഒക്കെ കൊണ്ടുവരുന്ന രീതിക്കും തുടക്കമായിരുന്നു. പക്ഷേ, അതെല്ലാമിപ്പോള്‍ മറന്നുതുടങ്ങിയിരിക്കുന്നു.