health

തിരുവനന്തപുരം: പ്രതിദിനം നൂറുകണക്കിന് സാധാരണക്കാര്‍ക്ക് ആശ്രയമാകുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ അടിയന്തര ശസ്ത്രക്രിയ നടക്കണമെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സമാനമായി പണം കെട്ടിവയ്ക്കണം. അടുത്തിടെ ഇതു സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം പുരോഗമിക്കുമ്പോഴും സമാനമായ സ്ഥിതി ഇപ്പോഴും തുടരുകയാണ്.

കുറഞ്ഞത് 40,000 രൂപ കാത്ത് ലാബില്‍ അടച്ചാല്‍ മാത്രമേ ഹൃദയാഘാതവുമായി എത്തുന്ന രോഗികളെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കൂ. അല്ലെങ്കില്‍ മരുന്ന് നല്‍കി ചികിത്സിക്കും. ആന്‍ജിയോപ്ലാസ്റ്റിയ്ക്കള്ള സ്റ്റെന്റിന്റെ വിലയാണ് മുന്‍കൂറായി വാങ്ങുന്നത്. ഒന്നിലധികം സ്റ്റെന്റ് ആവശ്യമുണ്ടെങ്കില്‍ അതിനനുസരിച്ച് പണം കെട്ടിവയ്ക്കണം. ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ളവരാണെങ്കിലും പണം അടയ്ക്കണം. ഇന്‍ഷ്വറന്‍സിന്റെ രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്‌ക്കേ പണം തിരികെ നല്‍കൂ. ഫലത്തില്‍ അര്‍ദ്ധരാത്രി അത്യാസന്നനിലയില്‍ എത്തുന്ന രോഗിക്ക് ആന്‍ജിയോപ്ലാസ്റ്റി വേണമെങ്കില്‍ കൈയില്‍ പണം വേണമെന്ന അവസ്ഥ.

മുന്‍കൂട്ടി പണമടയ്ക്കണം

തലസ്ഥാനത്തെ മെഡിക്കല്‍ കോളേജില്‍ മാത്രമാണ് ഈ സംവിധാനം തുടരുന്നത്. ചില ഡോക്ടര്‍മാരും ജീവനക്കാരും ഇതിനെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും അതെല്ലാം ഒറ്റപ്പെട്ടതായി മാറി. സ്റ്റെന്റ് ഇടുന്ന രോഗി ഓപ്പറേഷന്‍ വേളയിലോ മറ്റോ മരണപ്പെട്ടാല്‍ പണം അടയ്ക്കാന്‍ ബന്ധുക്കള്‍ തയാറാകില്ല. ഇതോടെ സ്റ്റെന്റിന്റെ പണം അടയ്‌ക്കേണ്ടത് തങ്ങളുടെ ബാദ്ധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ മൂന്‍കൂട്ടി പണം വാങ്ങുന്നത്. ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും (എച്ച്.ഡി.എസ്) കാര്‍ഡിയോളജി വിഭാഗവും മാത്രമാണ് ഇക്കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

രോഗിയെ പരിശോധിക്കുന്ന ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന തുക കാത്ത് ലാബില്‍ അടയ്ക്കണം. ഇതില്‍ നിന്ന് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലെന്ന് ഉറപ്പായാല്‍ ഓരോ രോഗിയില്‍ നിന്നും വാങ്ങുന്ന തുകയില്‍ നിന്ന് 11,000രൂപ പ്രൊസീജിയര്‍ ചാര്‍ജ്ജായി എച്ച്.ഡി.എസിന്റെ അക്കൗണ്ടിലേക്ക് അടയ്ക്കണം. ബാക്കി തുക സ്റ്റെന്റിന്റെ തുകയായി കമ്പനിക്കും നല്‍കുന്നതാണ് രീതി. ഇത്തരത്തില്‍ വാങ്ങുന്ന പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച വ്യക്തമായ മാര്‍ഗരേഖയില്ല.

സ്റ്റെന്റ് വാങ്ങല്‍ തോന്നുംപടി

കാത്ത് ലാബില്‍ കമ്പനികള്‍ നേരിട്ടെത്തി ഡോക്ടര്‍മാരുമായി സംസാരിച്ച് സ്റ്റെന്റുകള്‍ ഇറക്കും. രോഗികളെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ ഇഷ്ടമുള്ളത് ഉപയോഗിക്കും. തുടര്‍ന്ന് കമ്പനികള്‍ക്ക് കാത്ത് ലാബ് ഓഫീസില്‍ നിന്ന് നേരിട്ട് പണം നല്‍കും. മെഡിക്കല്‍ കോളേജില്‍ ഔദ്യോഗിക സംവിധാനത്തിലൂടെയല്ല സ്റ്റെന്റ് വാങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ കോളേജിലെ ഔദ്യോഗിക സംവിധാനമായ പേയിംഗ് കൗണ്ടറിലൂടെ സ്റ്റെന്റ് വിതരണം ചെയ്തിരുന്നു.

അങ്ങനെയെങ്കില്‍ രോഗികള്‍ മുന്‍കൂര്‍ പണം നല്‍കേണ്ടതില്ല. ശസ്ത്രക്രിയ സമയത്ത് സ്റ്റെന്റ് ഉപയോഗിച്ച ശേഷം ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് രോഗിയുടെ ബന്ധുക്കള്‍ പേയിംഗ് കൗണ്ടറില്‍ നിന്ന് സ്റ്റെന്റ് വാങ്ങി കാത്ത് ലാബില്‍ നല്‍കണം. എന്നാല്‍, പേയിംഗ് കൗണ്ടറിലെ സ്റ്റെന്റിന് നിലവാരമില്ലെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ കൈവശമുള്ള സ്റ്റെന്റുകള്‍ ഉപയോഗിച്ചു. അങ്ങനെ ആ സംവിധാനം അട്ടിമറിച്ചെന്നാണ് ആരോപണം.