crime

പിടിയിലായത് ആദ്യപേരുകാരനില്‍ നിന്ന് പണം വാങ്ങുമ്പോള്‍

ആലപ്പുഴ: കൈക്കൂലിക്കേസില്‍ കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ പിടിയിലായ അമ്പലപ്പുഴ താലൂക്ക് സപ്‌ളൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പീറ്റര്‍ ചാള്‍സിന്റെ പക്കല്‍ നിന്ന് മാസപ്പടി ലിസ്റ്റ് വിജിലന്‍സ് സംഘം കണ്ടെത്തി. പീറ്റര്‍ ചാള്‍സിന്റെ ചുമതലയിലുള്ള കടകളുടെ എ.ആര്‍.ഡി നമ്പര്‍, കടയുടമയുടെ ഫോണ്‍ നമ്പര്‍, മാസപ്പടി എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റാണ് വിജിലന്‍സിന് ലഭിച്ചത്. മാസപ്പടി കൈപ്പറ്റിയ കടകളുടെ എ.ആര്‍.ഡി നമ്പരിന് നേരെ ടിക്ക്‌ചെയ്യും. കടയൊന്നിന് 1500 ആണ് കണക്ക്.

ലിസ്റ്റിലെ ആദ്യപേരുകാരനായ കടയുടമയില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടയിലാണ് കഴിഞ്ഞദിവസം പീറ്റര്‍ വിജിലന്‍സിന്റെ പിടിയിലായത്. റേഷന്‍ കടയിലെ അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനാണ് കടയുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നത്. ഈ പോസ് നിലവില്‍ വന്നശേഷം റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മറിച്ചുവില്‍ക്കുന്നത് കുറഞ്ഞിരുന്നു. ഇത് കാരണം ഉദ്യോഗസ്ഥര്‍ക്ക് കൈമടക്ക് നല്‍കാന്‍ പലരും തയ്യാറല്ല. കടയിലെ സ്റ്റോക്കിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങളുടെ പേരില്‍ കടയുടമകളെ വിരട്ടിയാണ് പീറ്റര്‍ പണം വാങ്ങിയിരുന്നത്. ഇത്തരത്തില്‍ റേഷന്‍ കടയുടമയുമായി കൈക്കൂലിക്കായി നടത്തിയ വിലപേശലാണ് കാര്യങ്ങള്‍ വിജിലന്‍സിന് മുന്നിലെത്തിച്ചത്.

ആലപ്പുഴയിലെ ഏഴാമന്‍

കൈക്കൂലിക്കേസില്‍ ആലപ്പുഴയില്‍ നിന്ന് അടുത്തിടെ വിജിലന്‍സ് പിടിയിലാകുന്ന ആറാമനാണ് പീറ്റര്‍ചാള്‍സ്. പ്രസവ ശസ്ത്രക്രിയക്കെത്തിയ യുവതിയില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങിയ ചേര്‍ത്തലയിലെ ഡോക്ടര്‍ രാജന്‍, അമ്പലപ്പുഴയില്‍ ടോറസ് ലോറിക്കാരില്‍ നിന്ന് പണം വാങ്ങിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ്, ഏജന്റ് സജി, ഹോം സ്റ്റേ ലൈസന്‍സിന് 2000 രൂപ കൈക്കൂലി വാങ്ങിയ ടൂറിസംഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹാരിസ്, ഭൂമി തരം മാറ്റലിന് പുന്നപ്രയില്‍ 5000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസി. വിനോദ്, ഫീല്‍ഡ് അസി. അശോകന്‍ എന്നിവരാണ് ഇതിന് മുമ്പ് ആലപ്പുഴ വിജിലന്‍സ് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.