f

കേരളത്തിന്റെ പല ഭാഗങ്ങളിലും കലാലയങ്ങളിൽ റാഗിംഗിന്റെ പേരിൽ ജീവൻ നഷ്ടമാകുന്നവർ നിരവധിയാണ്. റാഗിംഗ് ചെയ്തതിന്റെ പേരിലുള്ള മനോവിഷമത്താലും ഭീഷണി ഭയന്നും ആത്മഹത്യ ചെയ്യുന്നവരേറെ. ക്യാമ്പസുകളിലെ റാഗിംഗ് വെറും കുട്ടിക്കളിയല്ല എന്ന നിലയിലേക്കാണ് ഇന്ന് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. റാഗിംഗ് നിയമപരമായി നിരോധിക്കപ്പെട്ട കുറ്റകൃത്യമാണെങ്കിലും ഒരു വിഭാഗം വിദ്യാർത്ഥികൾ ഇത്തരം ദുഷ്പ്രവണതകളുമായി മുന്നോട്ട് പോകുന്നത് വേദനാജനകമാണ്. വിദ്യാർത്ഥിക്ക് ശാരീരികമോ മാനസികമോ ആയി ദോഷം വരുത്തുന്ന ഏത് പ്രവർത്തിയും റാഗിംഗിന്റെ പരിധിയിൽ ഉൾപ്പെടും. രണ്ട് വർഷം വരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
ക്യാമ്പസിലെ റാഗിംഗ് ക്രൂരതയുടെ ഒടുവിലത്തെ ഇരയാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവം. മൃഗീയമായ പരസ്യ വിചാരണയുടെയും മർദ്ദനത്തിന്റെയും മനോവിഷമത്താലാണ് സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 18നായിരുന്നു സിദ്ധാർത്ഥ് ജീവനൊടുക്കിയത്. ഓമനിച്ച് വളർത്തി പഠിക്കാൻ കോളേജിലും ഹോസ്റ്റലിലും വിടുന്ന തങ്ങളുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ രക്ഷിതാക്കൾക്ക് സാധിക്കുന്നില്ല.

കേസുകൾ

കുറവ്

കേരളത്തിൽ ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്ന റാഗിംഗ് കേസുകളുടെ എണ്ണത്തിൽ കുറവ് പ്രകടമാവുന്നു എന്നത് ആശ്വസകരമാണ്. 2018ൽ 63 റാഗിംഗ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019ൽ കേസുകളുടെ എണ്ണം 43ലെത്തി. 2020, 2021, 2022 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 15, 14, 12 എന്നിങ്ങനെയാണ്. റാഗിംഗ് നടന്നതായി അധികൃതർക്ക് വിദ്യാർത്ഥികൾ പരാതി നൽകുമ്പോൾ ഇത് മറച്ച് വയ്ക്കുകയും അവഗണിക്കുകയും ചെയ്യുന്ന സ്ഥാപന അധികാരികളും ശിക്ഷയുടെ പരിധിയിൽ വരുന്നുണ്ട്. റാഗിംഗ് പരാതി ലഭിച്ചാൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായ വിദ്യാർത്ഥികളെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കും. മാത്രമല്ല, മൂന്ന് വർഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും ഇവർക്ക് പ്രവേശനം ലഭിക്കില്ല. ഭയവും ആശങ്കയും നാണക്കേടും പരിഭ്രമവും അധിക്ഷേപവും വരുത്തുന്ന പ്രവർത്തനങ്ങളെല്ലാം റാഗിംഗിന്റെ പരിധിയിൽപ്പെടും.

തുടർപഠനം

അവതാളത്തിൽ

റാഗിംഗുകളും ആക്രമണങ്ങളും കലാലയങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. നന്നായി പഠിക്കാൻ താത്പര്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസ പരമായ വളർച്ചയെ ആയിരിക്കും ഇത് ദോഷകരമായി ബാധിക്കുന്നത്. കൂടാതെ റാഗിംഗ് കേസുകളിൽ പ്രതികളാവുന്ന വിദ്യാർത്ഥികളുടെ തുടർപഠനം അവതാളത്തിലാവും. കലാലയങ്ങളെ ലക്ഷ്യമിട്ട് മയക്കുമരുന്നുകളുടെയും കഞ്ചാവിന്റെയും വില്പന സജീവമാണ്.

ലഹരിക്കടിമപ്പെടുന്ന വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികളെ ആക്രമിക്കാനും റാഗിംഗിന് വിധേയരാക്കാനും രംഗത്ത് വരുന്നുണ്ട്. ലഹരിമരുന്നുകളുടെ നിത്യോപയോഗത്തിലൂടെ ഇവരുടെ മാനസികനില തന്നെ തകരാറിലാവും. മറ്റുള്ളവരെ ഉപദ്രവക്കാനും സ്വയം മുറിവേൽപ്പിക്കാനും ഇവർ മുന്നിട്ടിറങ്ങും. പഠിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം മറന്ന് മറ്റ് കുട്ടികളെ പഠിക്കാൻ അനുവദിക്കാതെയാണ് ഇത്തരം വിദ്യാർത്ഥികൾ കലാലയങ്ങളിൽ വിഹരിക്കുന്നത്.

നിസാര

കാരണങ്ങൾ

ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ റാഗിംഗിനും ക്രൂരമർദനത്തിനും ഇരയായി കേൾവി ശക്തി നഷ്ടമായ വ്യക്തിയാണ് മുഹമ്മദ് സഹൽ. മുടി നീട്ടി വളർത്തിയെന്നും ഷർട്ടിന്റെ ബട്ടണുകൾ കൃത്യമായി ഇട്ടില്ലെന്നും ഷൂസ് ധരിച്ചെന്നും ആരോപിച്ചായിരുന്നു മർദ്ദനം. കാലിലെ ഷൂസ് അഴിച്ച് തരണമെന്ന നിർദ്ദേശത്തോട് വിയോജിച്ചതിന് കാസർകോട് ജില്ലയിലെ പെരിയയിലുള്ള സ്വകാര്യ കോളേജിൽ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥികൾ റാഗിംഗിന് വധേയമാക്കിയിരുന്നു. പന്തളം എൻ.എസ്.എസ് കോളേജിൽ റാഗിംഗിനെ എതർത്ത മിഥുൻ എന്ന വിദ്യാർത്ഥിയെ ഇതേ കോളേജിലെ ചില വിദ്യാർത്ഥികൾ ചേർന്ന് കഠാര കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇങ്ങനെ പോകുന്നു റാഗിംഗ് തുടർക്കഥകൾ.

തിരിഞ്ഞ് നോക്കാതെ

സമതികൾ


പ്രിൻസിപ്പലും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പൊലീസ് ഇൻസ്‌പെക്ടറും അടങ്ങിയ റാഗിംഗ് വിരുദ്ധ സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് വിദ്യാർത്ഥികളുടെ പരാതികൾ പരിഗണിക്കണമെന്ന യു.ജി.സി നിർദ്ദേശം നടപ്പായിട്ടില്ല. റാഗിംഗ് നടന്നാൽ സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടില്ലെങ്കിൽ മെഡിക്കൽ കോളേജുകളുടെ അംഗീകാരം പിൻവലിക്കണമെന്നും സീറ്റുകൾ വെട്ടിക്കുറയ്ക്കണമെന്നുമാണ് മെഡിക്കൽ കമ്മിഷന്റെ മുന്നറിയിപ്പ്. പരാതി ലഭിച്ചാൽ ഏഴ് ദിവസത്തിനകം അന്വേഷണം നടത്തണം. കുറ്റം തെളിഞ്ഞാൽ സസ്‌പെന്റ് ചെയ്ത ശേഷം പരാതി പൊലീസിന് കൈമാറണമെന്നും യു.ജി.സി നിർദ്ദേശമുണ്ട്.

റാഗിംഗ് തടയാനുള്ള നിയമങ്ങൾ കേരളത്തിൽ കൂടുതൽ ശക്തമാക്കേണ്ടിയിരിക്കുന്നു. പല കോളേജ് അധികൃതരും സംഭവം മറച്ച് വയ്ക്കുന്നത് റാഗ് ചെയ്യുന്ന സംഘങ്ങൾക്ക് പ്രചോദനമാകുന്നത് വിനയാകുമെന്നതാണ് വാസ്തവം. റാഗിംഗ് മൂലം മാനസികമായി തകർന്നവരുണ്ട്, സ്വയം ജീവനൊടുക്കിയവരുണ്ട്, കൊല്ലപ്പെട്ടവരുണ്ട്, ശാരീരിക ക്ഷതമേറ്റവരുണ്ട്.

റാഗിംഗിന്റെ പേരിൽ ഇനി ഒരാൾക്കും ജീവനും ജീവിതവും നഷ്ടമാകാതിരിക്കാൻ നിയമം കർശനമായി നടപ്പാക്കിയേ തീരൂ. റാഗിംഗ് ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട കൃത്യമായ ബോധവത്കരണം കലാലയങ്ങൾ കേന്ദ്രീകരിച്ച് ഊർജിതമായി നടപ്പാക്കണം. വിടരും മുമ്പേ കൊഴിഞ്ഞ് പോകാൻ ഒരാളെയും അനുവദിക്കാതിരിക്കാൻ നമുക്ക് കൈകോർക്കാം...നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കാം.