
പെരിന്തൽമണ്ണ: മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും എറണാകുളം എക്സാത് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീ ഹാളിൽ വച്ച് 19 ദിവസങ്ങളിലായി നടന്ന ഫുഡ് പ്രോസസിംഗ് ആന്റ് പിക്കിൾ മാനുഫാക്ച്വറിങ് സൗജന്യ പരിശീലന പരിപാടി സമാപിച്ചു. സമാപന പരിപാടിയുടെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി.ഷാജി നിർവ്വഹിച്ചു. നഗരസഭ കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സീനത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, താഴെക്കോട് സി.ഡി.എസ് ചെയർപേഴ്സൺ രാജേശ്വരി, വെട്ടത്തൂർ സി.ഡി.എസ് ചെയർപേഴ്സൺ ജയശ്രീ, പുലാമന്തോൾ സി.ഡി.എസ് ചെയർപേഴ്സൺ ജിഷ എന്നിവർ സംസാരിച്ചു. താഴെക്കോട് സി.ഡി.എസ് വൈസ് ചെയർപേഴ്സണും പരിശീലനാർഥിയുമായ എലിസബത്ത് റാണി സ്വാഗതവും ബുഷറ നന്ദിയും പറഞ്ഞു.