fffff

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു

മലപ്പുറം: ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലെ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ,​ ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായാണ് കളക്ടറുടെ ചേംബറിൽ യോഗം ചേർന്നത്.

ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, പൊലീസ് എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും മേഖലയിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.രോഗപ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൺട്രോൾ സെൽ തുറന്നിട്ടുണ്ട്. ഏതെങ്കിലും രോഗ ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സകൾക്ക് വിധേയമാകാതെ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിലെത്തണം.രോഗലക്ഷണമുള്ളവർ വീടുകളിൽ സാദ്ധ്യമായ രീതിയിൽ മറ്റ് അംഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ ഐസൊലേഷനിൽ കഴിയണം. രോഗബാധ പകരാൻ കാരണമായതായി കരുതപ്പെടുന്ന പ്രദേശത്തെ ബേക്കറി അടച്ച് പൂട്ടിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശിക്കാണ് രോഗബാധയുണ്ടായിരുന്നതായി റിപ്പോർട്ടുള്ളത്.

സുരക്ഷ ഉറപ്പാക്കുന്നതിനായി ഹോട്ടൽ, ബേക്കറികൾ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ ഹെൽത്ത് കാർഡ് ഉൾപ്പെടെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കും.

കുടിവെള്ള ക്ഷാമം നേരിടുന്ന മേഖലകളിൽ ജല അതോറിറ്റിയുടെ സഹായത്തോടെ ശുദ്ധീകരിച്ച ജലം എത്തിക്കും. ആദിവാസി മേഖലകളിലുൾപ്പടെ രോഗബാധ തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പട്ടികവർഗ വിഭാഗത്തിനും നിർദ്ദേശം നൽകി. അഴുക്കുചാൽ വഴി വീടുകളിലെ കുളിമുറി മാലിന്യം ഉൾപ്പടെ ഒഴുക്കിവിടുന്നതായി ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

യോഗത്തിൽ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ, എൻ.എച്ച്.എം. പ്രോഗ്രാം മാനേജർ ഡോ.ടി.എൻ. അനൂപ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വേനൽ കനത്തതിനാൽ തണുത്ത ജ്യൂസ് ഉൾപ്പടെ പാകം ചെയ്യാത്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് രോഗസാധ്യത വർദ്ധിപ്പിക്കും. കുടിക്കാൻ യോഗ്യമായ വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയ ഐസുകൾ മാത്രമെ ജ്യൂസ് കടകളിൽ ഉപയോഗിക്കാവൂ. പാനീയങ്ങൾ തയ്യാറാക്കുന്നതിനായി തിളപ്പിച്ചാറിയ വെള്ളമോ ഐ.എസ്.ഐ ഗുണനിലവാര മുദ്രണമുള്ള വെള്ളമോ മാത്രം ഉപയോഗിക്കണം. തിളപ്പിച്ചാറിയ വെള്ളം തയ്യാറാക്കുമ്പോൾ പച്ച വെള്ളം ചേർത്ത് നൽകുന്നതും ഒഴിവാക്കണം. ഇത്തരം കാര്യങ്ങൾ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കും.

ജില്ലാ കളക്ടർ

മൊത്തം മൂന്ന് മരണം

232 വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളാണ് മേഖലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.