
മലപ്പുറം: മുസ്‌ലിം ലീഗ് എൻ.ഡി.എയിൽ ചേരണമെന്ന് മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാല മുൻ വി.സിയുമായ ഡോ.എം.അബ്ദുസലാം പറഞ്ഞു. പാവപ്പെട്ട മുസ്‌ലീങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുത്. പണമുള്ള മുസ്‌ലീങ്ങൾ ഡൽഹിയിൽ പോയി കാര്യം സാധിക്കും. മുഖ്യധാരയിലേക്ക് വരുന്നതിനും അധികാരം പങ്കിടാനും ഒരുമിച്ച് നീങ്ങുന്നതാണ് നല്ലത്. മോദിയുടെ സ്ഥിരതയുള്ള ഭരണവും നേട്ടങ്ങളും കണ്ട് ഇന്നല്ലെങ്കിൽ നാളെ ലീഗെന്നല്ല എല്ലാ പാർട്ടികൾക്കും എൻ.ഡി.എയുടെ ഘടകകക്ഷിയാവേണ്ടി വരും. തനിക്ക് ഇഷ്ടവും കടപ്പാടുമുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗ്. വൈസ് ചാൻസലർ സ്ഥാനത്തേക്ക് പിന്തുണയേകി രാഷ്ട്രീയ തീരുമാനമെടുത്ത പാർട്ടി കൂടിയാണെന്നും അബ്ദുസലാം പറഞ്ഞു. വിവിധ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സ്ഥാനാർത്ഥി.
ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധമല്ല
ബി.ജെ.പി ഹിന്ദുക്കളുടെ പാർട്ടിയാണെന്നത് കള്ളപ്രചാരണമാണ്. 10 വർഷത്തെ മോദിയുടെ ഭരണം വിലയിരുത്തിയാൽ എല്ലാവരുടെയും ഉയർച്ചയ്ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്ന് മനസ്സിലാവും. യു.പിയിലെ അഞ്ച് കോടിയിലധികം മുസ്‌ലീങ്ങൾ വളരെ സന്തോഷത്തിലാണ്. അവർ മോദിക്കായി അമ്പലം വരെ പണിഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ന്യൂനപക്ഷം സുരക്ഷിതരാണ്. മുസ്ലിം രാജ്യങ്ങളിലെ ഭരണത്തലവന്മാർ മോദിയെ സ്വന്തം സഹോദരനെന്നാണ് വിശേഷിപ്പിക്കുന്നത്.
രാമക്ഷേത്രത്തിൽ തങ്ങളോടൊപ്പം
അയോദ്ധ്യ രാമക്ഷേത്ര വിഷയത്തിൽ സാദിഖലി തങ്ങളും ജിഫ്രി തങ്ങളുമെല്ലാം പറഞ്ഞതാണ് തന്റെയും അഭിപ്രായം. ബാബരി മസ്ജിദിന്റെ ചരിത്രമൊക്കെ പഠിച്ച ശേഷമാവുമല്ലോ മതപണ്ഡിതർ അക്കാര്യം പറഞ്ഞത്. സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച അന്തിമ വിധി മുസ്‌ലീം നേതാക്കളടക്കം അംഗീകരിക്കുന്നുണ്ട്. വോട്ടിനായി കള്ളക്കഥ മെനഞ്ഞ് ന്യൂനപക്ഷങ്ങളെ ചിലർ തങ്ങൾക്ക് ചുറ്റും കെട്ടിയിടുകയാണ്. രാമക്ഷേത്രത്തെ എതിർത്തോ അനുകൂലിച്ചോ വോട്ട് പിടിക്കുകയല്ല തന്റെ ലക്ഷ്യം.
മലപ്പുറത്തെ പ്രചാരണം
വികസിത മലപ്പുറത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രസർക്കാരിന് മുന്നിൽ പദ്ധതികൾ അവതരിപ്പിക്കും. ഇതിനായി പ്രത്യേക പദ്ധതികൾ മനസ്സിലുണ്ട്. ഇക്കാര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് വോട്ട് തേടും.
എല്ലാവരും ഗുണഭോക്താക്കൾ
ബി.ജെ.പി ന്യൂനപക്ഷങ്ങളെ കൊല്ലുമെന്നൊക്കെ പറഞ്ഞ് പ്രതിപക്ഷം മനസിൽ ഇരുട്ട് കയറ്റിയിട്ടുണ്ട്. മോദി ഭരണത്തിൽ പത്ത് വർഷം കൊണ്ട് എത്രപേരെ കൊന്നിട്ടുണ്ട്?. തെറ്റായ സന്ദേശങ്ങളാൽ തീർത്ത ഈ ഇരുട്ട് മാറ്റുകയാണ് തന്റെ ലക്ഷ്യം. മുസ്‌ലീങ്ങളെ കൊല്ലലാണ് ബി.ജെ.പിയുടെ നയമെങ്കിൽ അവർക്ക് മുന്നിൽ തലവച്ച് കൊടുക്കാൻ മാത്രം വിഡ്ഢിയല്ല താൻ ബി.ജെ.പിയുടെ യഥാർത്ഥ ലക്ഷ്യമെന്തെന്ന് അറിഞ്ഞതിനാലാണ് അവർക്കൊപ്പം കൂടിയത്. കേന്ദ്ര സർക്കാരിന്റെ ഒന്നോ, രണ്ടോ പദ്ധതികളുടെ ഗുണമെങ്കിലും കിട്ടാത്ത ഒരുവീട് പോലും ഉണ്ടാവില്ല.
എം.പിയോട് ചോദിക്കൂ
പെരിന്തൽമണ്ണയിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി ക്യാമ്പസ് വികസനത്തിന് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിക്കുന്നവർ ഇക്കാര്യം ഒരു ബി.ജെ.പി നേതാവിനോട് പോലും പറഞ്ഞിട്ടില്ല. രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടെങ്കിൽ ഫണ്ട് കൊണ്ടുവരാൻ കഴിയും. ഇക്കാര്യം പ്രതിപക്ഷ എം.പിമാർക്ക് മുന്നിൽ ഉന്നയിക്കണം.
പൗരത്വ ഭേദഗതി അനിവാര്യം
143 കോടി ജനങ്ങളുള്ള രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കേണ്ടിവരും. സ്വതന്ത്ര്യം ലഭിച്ചയുടൻ ചെയ്യാൻ തീരുമാനിച്ച കാര്യമാണ് 75 വർഷത്തിന് ശേഷം ചെയ്യുന്നത്. മുസ്‌ലീങ്ങൾക്ക് ആശങ്കപ്പെടേണ്ട ഒരുകാര്യവുമില്ല. മുത്തലാഖ്, ഏകീകൃത സിവിൽ കോഡ് നിയമങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മുസ്‌ലീങ്ങളാണ്. മോദിയുടെ ഭരണ നേട്ടങ്ങളും യാഥാർത്ഥ്യവും മനസിലാക്കി ബി.ജെ.പിക്കൊപ്പം നീങ്ങണമെന്നാണ് മുസ്‌ലീങ്ങളോട് പറയാനുള്ളത്.