shafique

മഞ്ചേരി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കാരക്കുന്ന് പഴേടം പരേതനായ തടിയംപുറത്ത് കുട്ടിമുഹമ്മദിന്റെ മകൻ ഷഫീഖാണ് (40) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ഷാപ്പിൻകുന്ന് ആലുങ്ങലിലായിരുന്നു അപകടം.

പത്തിരിയാലിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ വണ്ടൂർ റോഡിൽ വച്ച് കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ സാരമായി പരിക്കേറ്റ ഷഫീഖിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ ഉച്ചയ്‌ക്ക് 1.30ന് പഴേടം ജുമാമസ്ജിദിൽ കബറടക്കി. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷിമ ഷെറിൻ, ഷിയ മിസ്രിയ, ഷാൻ.