mpm

മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യനെയാണ് പൊന്നാനിപ്പോരിനു എൻ.ഡി.എ കളത്തിലിറക്കിയത്. മികച്ച സംഘാടകയും സുപരിചിതയുമായ നിവേദിതയിലൂടെ ശക്തമായ പോരാട്ടമാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്. പ്രതീക്ഷകൾ നിവേദിത സുബ്രഹ്മണ്യൻ കേരളകൗമുദിയോട് പങ്കുവയ്ക്കുന്നു.

?പൊന്നാനിയിലെ അനുകൂല സാഹചര്യങ്ങൾ

പൊന്നാനി എന്നല്ല രാജ്യത്താകമാനം എൻ.ഡി.എയ്ക്കും മോദിക്കും അനുകൂല നിലപാടാണ്. ലോകത്ത് എവിടെയുമില്ലാത്ത ക്ഷേമപ്രവർത്തനങ്ങളും വികസനങ്ങളുമാണ് പത്തുവർഷം കൊണ്ടുനടപ്പിലാക്കിയത്. ഈ പ്രോഗ്രസ് റിപ്പോർട്ടുമായി ജനങ്ങളെ സമീപിക്കും. രാഹുൽ ഗാന്ധിയും ഇന്ത്യ മുന്നണിയും അപ്രസക്തമാണെന്ന് പൊന്നാനിക്കാർ മനസിലാക്കിയിട്ടുണ്ട്.

?ന്യൂനപക്ഷ വോട്ടർമാർ ഭൂരിപക്ഷമുള്ള മണ്ഡലമാണ്
ഒരുപക്ഷവും നോക്കാതെ യാതൊരു വിവേചനവും ഇല്ലാതെയാണ് മോദി സർക്കാർ പദ്ധതികൾ നടപ്പിലാക്കിയത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളും വിദ്യാ‌ർത്ഥികളുടെ സ്കോളർഷിപ്പും ഇരട്ടിയാക്കി. ഹജ്ജ് തീർത്ഥാടനം സുതാര്യമാക്കി. ഇതെല്ലാം തിരിച്ചറിഞ്ഞ് മുസ്ലിം സഹോദരങ്ങൾ കൂടെ നിൽക്കും.

?ഏകസിവിൽ കോഡ് വെല്ലുവിളിയാകുമോ

ഏക സിവിൽ കോഡ് ബി.ജെ.പി കാലങ്ങളായി പറയുന്നതാണ്. തുല്യത ഉറപ്പുവരുത്തണമെന്നും കാലാനുസൃതമായ നിയമങ്ങൾ ഉണ്ടാക്കണമെന്നും ഭരണഘടന അനുശാസിക്കുന്നുണ്ട്. വ്യക്തിപരമായി പ്രയാസങ്ങൾ സൃഷ്ടിക്കാത്ത വിഷയങ്ങളില്ലെങ്കിലും ഏകത കൊണ്ടുവരാൻ പ്രയത്നിക്കുമ്പോൾ ഒന്നിച്ചു നിൽക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

?പൊന്നാനിയിലെ സ്ഥാനാർത്ഥികൾ

ഇരു സ്ഥാനാർത്ഥികൾക്കും ഒരേ രാഷ്ട്രീയ പശ്ചാത്തലമായതിനാൽ എൽ.ഡി.എഫും യു.ഡി.എഫും ഒന്നാണെന്ന് പറയേണ്ടിവരും. പിണറായി വിജയനെതിരെ മോശമായി പ്രതികരിച്ച ലീഗ് മുൻനേതാവ് പെട്ടെന്നൊരു ദിവസം സ്ഥാനാർത്ഥിയായതിൽ അണികൾക്ക് തന്നെ സംശയമുണ്ട്. ലീഗ് എം.പിമാരുടെ സീറ്റ് വച്ചുമാറ്റത്തിലും ചില അജൻഡകളുണ്ട്.

?കുടുംബവും പ്രചാരണവും
സംഘടന പ്രവ‌ർത്തനത്തിൽ അച്ഛന്റേയും അമ്മയുടേയും പാതയിൽ സഞ്ചരിക്കാൻ കഴിയുന്നുവെന്ന സന്തോഷമുണ്ട്. മഹിള മോർച്ച അദ്ധ്യക്ഷയായിരുന്നു അമ്മ. കുടുംബവും രാഷ്ട്രീയ പ്രവർത്തനവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോവാമെന്നത് കണ്ടുവളർന്നത് കാര്യങ്ങളെ എളുപ്പമാക്കുന്നു. 2007ൽ ഭർത്താവ് അപകടത്തിൽ മരിച്ചു. മൂന്നു മക്കളും വിദ്യാർത്ഥികളാണ്.