
മലപ്പുറം: ജീവിത സാഹചര്യം കാരണം പഠനാവസരം നഷ്ടമായവർക്കായി സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പരീക്ഷയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇരട്ടി ഫീസ് വർദ്ധനവ്. മുൻ വർഷങ്ങളിൽ 600 രൂപയുണ്ടായിരുന്നിടത്ത് ഇത്തവണ 1,200 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. കൂടാതെ, സപ്ലിമെന്ററി പരീക്ഷകൾക്കായി ഒരു വിഷയത്തിന് 1,600 രൂപ നൽകണം. മുൻ വർഷങ്ങളിൽ ഇത് 800 രൂപയായിരുന്നു. പ്രാക്ടിക്കൽ പരീക്ഷ ഉള്ളവർക്ക് 1,350 രൂപയാണ് പുതിയ നിരക്ക്. മുൻ വർഷങ്ങളിൽ ഇത് 700 രൂപയായിരുന്നു.
പിഴയില്ലാതെ പണമടയ്ക്കാനുള്ള അവസാന തീയതി ഇന്നാണ്. നാളെ മുതൽ 12 വരെ 50 രൂപ പിഴയോടെയും 19 വരെ 1,500 രൂപ സൂപ്പർ ഫൈനോടെയും അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷയ്ക്ക് 81 പേരും പ്ലസ് ടുവിന് 80 പേരുമാണ് ജില്ലയിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചത്. മേയ് 20 മുതൽ 25 വരെയാണ് പരീക്ഷ.