cf

കോണിയാണോ ചിഹ്നം,​ എങ്കിൽ സ്ഥാനാർത്ഥി ആരായാലും ജയിക്കുമെന്നതായിരുന്നു അടുത്ത കാലം വരെ പൊന്നാനിയിലെ സ്ഥിതി,​ അതും ഒരുലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിന്. ലീഗിന്റെ പൊന്നാപുരം കോട്ടയെന്ന പേരും പൊന്നാനി കരസ്ഥമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിയതോടെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് മുസ്‌ലിം ലീഗ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇളക്കിയാൽ ഇളകുന്ന കോട്ടയെന്ന പ്രതീക്ഷ ഇടതും പുലർത്തുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും പൊന്നാനിയിൽ കനത്ത പോരാട്ടമാണ് നടന്നത്. ഇത്തവണ യു.ഡി.എഫിനായി അബ്ദുസമദ് സമദാനിയും എൽ.ഡി.എഫിനായി മുസ്‌ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസയും എൻ.ഡി.എയ്ക്കായി മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യനും പോരിനിറങ്ങിയിട്ടുണ്ട്. റോഡ് ഷോ പൂർത്തിയാക്കി നിയോജക മണ്ഡലംതല പര്യടനത്തിലേക്ക് കടന്നതോടെ തിരഞ്ഞെടുപ്പ് ചൂട് കനത്തിട്ടുണ്ട്.

പ്രതീക്ഷയുടെ

ഫ്ലാഷ് ബാക്ക്

1952-ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ 1977 വരെ പൊന്നാനിയിൽ പാറിയത് ചെങ്കൊടിയായിരുന്നു. 1952-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ കിസാൻ മസ്ദൂർ പ്രജാ പാർട്ടി സ്ഥാനാർത്ഥി കെ. കേളപ്പനും 1962-ൽ ഇ.കെ. ഇമ്പിച്ചി ബാവയും ലോക്‌സഭയിലെത്തി. 1967-ൽ സി.കെ. ചക്രപാണിയും 1971-ൽ എം.കെ.കൃഷ്ണനും പൊന്നാനിയെ സി.പി.എം കോട്ടയാക്കി. ചെങ്കൊടിക്കു മുന്നിൽ അടിയറവ് പറഞ്ഞവരെല്ലാം കോൺഗ്രസ് സ്ഥാനാ‌ർത്ഥികളായിരുന്നു. 1977-ൽ അതിർത്തി പുനർനിർണയത്തോടെ പുതിയ പൊന്നാനിയായി. പിന്നീടിങ്ങോട്ട് പാറിയത് ഹരിത പതാക.

1977 മുതൽ 1989 വരെ തുടർച്ചയായി മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും മുംബയ് സ്വദേശിയുമായ ജി.എം.ബനാത്ത് വാല വിജയിച്ചു. 1991-ൽ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും ബംഗളൂരു സ്വദേശിയുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടുവിനെയും ഡൽഹിയിലെത്തിച്ചു. 1996,​ 98,​ 99-കളിൽ ബനാത് വാല തുടർച്ചയായി വിജയിച്ചു. 37 വർഷം പൊന്നാനിയുടെ ശബ്ദമായത് മലയാളമറിയാത്ത മറുനാട്ടുകാർ. മിക്കപ്പോഴും ഒരു ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷവും നൽകി. 2004-ലും 2009-ലും ഇ.അഹമ്മദും 2009 മുതൽ ഇതുവരെ ഇ.ടി.മുഹമ്മദ് ബഷീറും ലോക്‌സഭയിലെ പൊന്നാനി അമരക്കാരായി.

സ്വതന്ത്ര

പരീക്ഷണത്തിന്റെ നാട്


ഇടതുപക്ഷത്തിനായി മികച്ച സ്ഥാനാർത്ഥി രംഗത്തിറങ്ങിയാൽ പൊന്നാനിയിൽ മത്സരം കടുത്തേക്കാമെന്നതാണ് സമീപകാല ചരിത്രം തെളിയിക്കുന്നത്. 2014-ൽ സിറ്റിംഗ് എം.പിയായ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ കോൺഗ്രസ് വിമതനായെത്തിയ നിലവിലെ മന്ത്രി വി. അബ്ദുറഹ്മാൻ മത്സരിച്ചപ്പോൾ മണ്ഡല ചരിത്രത്തിലെ ഏറ്റവും കുറവ് ഭൂരിപക്ഷമാണ് ഇ.ടിക്കു ലഭിച്ചത്. ഒരുലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം ലഭിക്കാറുള്ള മണ്ഡലത്തിൽ 25,410 വോട്ടിനായിരുന്നു ഇ.ടിയുടെ വിജയം. ലീഗിന്റെ വോട്ടിൽ ഏഴ് ശതമാനത്തോളം കുറവ് വന്നു.

അതേസമയം, 2019-ൽ പി.വി. അൻവറിനെതിരെ 1.93 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഇ.ടിക്കു ലഭിച്ചെങ്കിലും മികച്ച സ്ഥാനാർത്ഥിയിലൂടെ ശക്തമായ മത്സരത്തിനുള്ള സാദ്ധ്യത പൊന്നാനി തുറന്നുവയ്ക്കുന്നുണ്ട്. 2009, 2014, 2019 തിരഞ്ഞെടുപ്പുകളിൽ ഇ.ടി. മുഹമ്മദ് ബഷീറാണ് ലീഗിനായി മത്സരിച്ചത്. തുടർച്ചയായി മൂന്നു തവണ പ്രതിനിധീകരിച്ചതു ചൂണ്ടിക്കാട്ടി മലപ്പുറത്തേക്കു മാറാനുള്ള ഇ.ടിയുടെ താത്പര്യത്തിന് പാർട്ടി പച്ചക്കൊടി കാട്ടി. കഴിഞ്ഞ തവണ വി.ടി.രമ ബി.ജെ.പിക്കായി മത്സരിച്ചപ്പോൾ 1.10 ലക്ഷം വോട്ടാണ് ലഭിച്ചത്. മണ്ഡല ചരിത്രത്തിൽ ആദ്യമായി പത്ത് ശതമാനം വോട്ട് വിഹിതം ലഭിച്ചു.

6000ത്തിലാണ്

പ്രതീക്ഷ

നിയമസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ 6,000 വോട്ടിന്റെ വ്യത്യാസമേയുള്ളൂ എന്നതാണ് സി.പി.എമ്മിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. ജില്ലയുടെ പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ വിവിധ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കിയതും അനുകൂല ഘടകമായി കാണുന്നു. കോൺഗ്രസും മുസ്‌ലിം ലീഗും കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ പ്രതിഷേധിക്കുന്നതിൽ പിന്നാക്കം പോയെന്ന ന്യൂനപക്ഷങ്ങൾക്കിടയിലെ വികാരവും അനുകൂല ഘടകമാണ്. സമസ്തയുമായുള്ള പ്രശ്നം ലീഗിനെ സമീപകാലത്തൊന്നും ഇല്ലാത്ത വിധത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് വിലയിരുത്തുന്ന സി.പി.എം നേതൃത്വം ഇതും തുണയ്ക്കുമെന്ന വിലയിരുത്തലിലാണ്. പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ ഏഴിൽ നാലെണ്ണത്തിലും എൽ.ഡി.എഫാണ്. ലീഗിന് വലിയതോതിൽ മാർജ്ജിൻ കിട്ടുന്ന കോട്ടക്കൽ, തിരൂരങ്ങാടി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. എൽ.ഡി.എഫ് എം.എൽ.എമാരുള്ള താനൂർ, തവനൂർ, തൃത്താല, പൊന്നാനി നിയോജക മണ്ഡലങ്ങളിൽ വോട്ട് വിഹിതം ഉയർത്താൻ പദ്ധതികൾ നടപ്പാക്കും.

ന്ത്രങ്ങളുമായി

ലീഗ്

പൊന്നാനി ലോക്‌‌സഭാ മണ്ഡലത്തിൽ സമസ്താ വോട്ടിലെ ചോർച്ച മുന്നിൽകണ്ട് ആഘാതം കുറയ്ക്കാനുള്ള നീക്കങ്ങളിലാണ് മുസ്‌ലിം ലീഗ്. കോൺഗ്രസ് വോട്ടുകൾ പരമാവധി സമാഹരിക്കാൻ ലക്ഷ്യമിട്ട് വിള്ളലുള്ളയിടങ്ങളിൽ യു.ഡി.എഫ് ബന്ധം ശക്തിപ്പെടുത്താൻ പ്രാദേശിക നേതൃത്വങ്ങൾക്ക് കർശന നി‌ർദ്ദേശമേകിയിട്ടുണ്ട്. പ്രചാരണങ്ങളിൽ കോൺഗ്രസിന്റെ മുൻനിര നേതാക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കി ഐക്യസന്ദേശം താഴെത്തട്ടിലെത്തിക്കുന്നുണ്ട്. മുന്നണി ഐക്യത്തിനൊപ്പം അബ്ദുസമദ് സമദാനിയുടെ വ്യക്തിപ്രഭാവം കൂടിയാവുന്നതോടെ യു.ഡി.എഫ് വോട്ടിൽ കാര്യമായ ചോർച്ചയുണ്ടാവില്ലെന്നാണ് ലീഗിന്റെ പ്രതീക്ഷ.

പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ ഏഴിൽ നാലിടത്തും എൽ.ഡി.എഫാണെങ്കിലും കോട്ടക്കൽ, തിരൂരങ്ങാടി,​ തിരൂർ നിയോജക മണ്ഡലങ്ങളിലെ വലിയ ഭൂരിപക്ഷത്തിന്റെ കരുത്തിലാണ് ലീഗ് മുന്നിലെത്താറുള്ളത്. ഇ.കെ സുന്നികൾക്ക് നിർണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളാണിത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നാട് കൂടിയാണ് തിരൂരങ്ങാടി. സമസ്ത പ്രവർത്തകരുടെ ഷോക്ക് ട്രീറ്റ്മെന്റ് ലീഗ് ഏറെ ഭയക്കുന്നതും ഈ മണ്ഡലങ്ങളിലാണ്. ഇതു മറികടക്കാൻ എൽ.ഡി.എഫ് എം.എൽ.എമാരുള്ള താനൂർ, തവനൂർ, തൃത്താല, പൊന്നാനി നിയോജക മണ്ഡലങ്ങളിൽ വോട്ട് വിഹിതം ഉയർത്താൻ ലീഗ് കർമ്മ പദ്ധതികൾക്ക് രൂപമേകിയിട്ടുണ്ട്.

ഇടഞ്ഞാൽ ലീഗിനാണ് നഷ്ടമെന്നത് ബോദ്ധ്യപ്പെടുത്താൻ സമസ്ത ശ്രമിച്ചാൽ വോട്ട് ചോർച്ചയിലേക്ക് കാര്യങ്ങളെത്തും. സംഘടനാപരമായി ഇത്തരമൊരു നീക്കത്തിന് സമസ്ത തുനിയില്ല. അതേസമയം, സമസ്തയുടെ പണ്ഡിതരെ അപമാനിച്ചവർക്ക് മറുപടി നൽകിയില്ലെങ്കിൽ സംഘടനയുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുമെന്നും പിന്നീട് ലീഗിന് കൂടുതൽ വിധേയപ്പെടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി ലീഗ് വിരുദ്ധർ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ലീഗ് സ്ഥാനാർത്ഥിയുടെ പരാജയത്തിലേക്ക് കാര്യങ്ങളെത്തിക്കാതെ ഭൂരിപക്ഷം വലിയതോതിൽ കുറച്ച് മറുപടിയേകണമെന്ന പക്ഷക്കാരും സമസ്തയിലുണ്ട്.