
നിലമ്പൂർ: പത്മജ വേണുഗോപാലിനെ സ്വാഗതം ചെയ്ത് ബി.ജെ.പി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി സ്ഥാപിച്ച ഫ്ളക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പം ലീഡർ കെ.കരുണാകരന്റെ ചിത്രവും. പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫ്ളക്സ് കീറിക്കളഞ്ഞു.
ഇന്നലെ രാവിലെ നിലമ്പൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് ഫ്ളക്സ് സ്ഥാപിച്ചത്.
ഇതിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. തുടർന്നാണ് ഫ്ളക്സ് കീറിക്കളഞ്ഞത്. കോൺഗ്രസിന്റെ സമുന്നത നേതാവും വർഗീയതയുമായി സന്ധി ചെയ്യാത്തയാളുമായ കെ.കരുണാകരന്റെ ചിത്രം ബി.ജെ.പി ഉപയോഗിക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയക്കളിയാണെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.