
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ മരുന്നുകൾ സൂക്ഷിക്കാൻ സ്റ്റോർ കോംപ്ലക്സിനായി അഞ്ചര വർഷം മുമ്പ് രണ്ടരക്കോടി രൂപ അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തനം എങ്ങുമെത്തിയില്ല.
ദിനംപ്രതി 2,500ലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ഇവിടെ മരുന്നുകൾ, ഓപ്പറേഷൻ തിയേറ്റർ സാമഗ്രികൾ, ഡയാലിസിസ് അനുബന്ധ ഉപകരണങ്ങൾ, കെമിക്കലുകൾ, ശുചീകരണ സാമഗ്രികൾ തുടങ്ങിയവ സൂക്ഷിക്കാൻ സ്റ്റോർ കോംപ്ലക്സ് ഇല്ലാത്തത് ദുരിതമാകുന്നുണ്ട്. നിലവിൽ മോർച്ചറിയിലേക്കും സെമിനാർ ഹാളിലേക്കും ലെക്ചറർ ഹാളിലേക്കും പോകുന്ന വഴിയിലാണ് ഇവയെല്ലാം കൂട്ടിയിട്ടിരിക്കുന്നത്.
2018 ജൂലായിലാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ സ്റ്റോർ കോംപ്ലക്സ് നിർമ്മാണത്തിന് രണ്ടരക്കോടി രൂപ അനുവദിച്ചത്. 7,000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ മൂന്ന് നിലകളിലായുള്ള കെട്ടിടം ഒരുവർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്നും മരുന്നുകൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസർ സംവിധാനം ഉൾപ്പെടെയുള്ളവ ക്രമീകരിക്കുമെന്നും അറിയിച്ചിരുന്നു.
സ്റ്റോർ കോംപ്ലക്സിനായി കണ്ടെത്തിയ മെഡിക്കൽ കോളേജ് അക്കാദമി ബ്ലോക്കിനോട് ചേർന്ന ഭൂമിയിൽ മണ്ണ് പരിശോധന നടത്തിയിരുന്നു. ഇവിടത്തെ ഭൂപ്രകൃതി സ്റ്റോർ കോംപ്ലക്സിന് അനുയോജ്യമല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. മെഡിക്കൽ കോളേജ് ഹോസ്റ്റലിനോട് ചേർന്നുള്ള സ്ഥലമാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്.
താഴത്തെ നിലയിൽ ഓഫീസ്, സ്റ്റോർ ഓഫീസ്, സ്റ്റോക്കിംഗ് ഏരിയ എന്നിവയും രണ്ടും മൂന്നും നിലകളിൽ മരുന്നുകളും സാമഗ്രികളും സൂക്ഷിക്കാൻ കഴിയും വിധം കെട്ടിടം നിർമ്മിക്കാനായിരുന്നു പദ്ധതി.
പ്രയാസങ്ങളേറെ
അധികം വൈകാതെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനോട് ചേർന്നുള്ള സ്ഥലത്ത് സ്റ്റോർ കോംപ്ലക്സ് നിർമ്മാണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
സൂപ്രണ്ട്, മഞ്ചേരി മെഡിക്കൽ കോളേജ്
2.50 കോടി രൂപയാണ് 2018 ജൂലായിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ സ്റ്റോർ കോംപ്ലക്സ് നിർമ്മാണത്തിന് അനുവദിച്ചത്.