കാളികാവ്: പുഴകളിൽ നിർമ്മിച്ച തടയണകളിൽ മണ്ണ് നിറഞ്ഞതിനാൽ ജലസംഭരണം പേരിനുമാത്രം. വരൾച്ചയെ പ്രതിരോധിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച തടയണകൾ മിക്കതും ലക്ഷ്യം നേടാനാകാതെ പാഴായി.
വരൾച്ചയെ നേരിടാൻ കാളികാവ് പഞ്ചായത്തിൽ അടുത്തിടെ നിർമ്മിച്ച പ്രധാനപ്പെട്ട തടയണ കളായ ചാഴയോട്, കാളികാവ്, പരിയങ്ങാട് തുടങ്ങിയവയിൽ പൂർണ്ണമായും മണ്ണടിഞ്ഞ് കഴിഞ്ഞു.
ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് മധുമല കുടിവെള്ള പദ്ധതിക്കുവേണ്ടി നിർമ്മിച്ച ചെക്ക് ഡാമിലും മുക്കാൽ ഭാഗവും മണ്ണ് നിറഞ്ഞു.
പരിയങ്ങാട് ,ഉദിരംപൊയിൽ എന്നിവിടങ്ങളിലെ പഴയ ചിറകളും പാടെ മണ്ണടിഞ്ഞ് നികന്നിട്ടുണ്ട്. ഇതിനാൽ തടയണകളിൽ നേരത്തെ വെള്ളം വറ്റുകയും കിണറുകൾ ഉപയോഗ ശൂന്യമാവുകയും ചെയ്യുന്നു. തടയണകളിൽ കെട്ടിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ നിലവിൽ പഞ്ചായത്തിൽ ഫണ്ടില്ല.
രണ്ടു വർഷം മുമ്പ് കാളികാവ് പാലത്തിനു താഴെ നിർമ്മിച്ച തടയണയിൽ മുക്കാൽഭാഗവും മണ്ണ് മൂടിക്കഴിഞ്ഞു .ഇവിടെ തടയണയിൽ നൂറ് കണക്കിന് ലോഡ് മണലും കൂടിക്കിടക്കുന്നുണ്ട് .
ഈ മണൽ വാരാൻഅനുമതിയുണ്ടെങ്കിൽ ചെലവില്ലാതെ തടയണ വൃത്തിയാക്കാനാകും. പുഴകളിൽ നിന്ന് മണലൂറ്റൽ നിയന്ത്രണം വന്ന ശേഷമാണ് പുഴകളിൽ വെള്ളം നേരത്തെ വറ്റിപ്പോകാനും വർഷകാലത്ത് പുഴ തിരിഞ്ഞൊഴുകാനും തുടങ്ങിയതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
നൂറ്റാണ്ട് മുമ്പ് പരിയങ്ങാട് നിർമ്മിച്ച തടയണയിൽ പൂർണ്ണമായും മണ്ണടിഞ്ഞതിനാൽ എല്ലാ വർഷവും പുഴ പരന്നൊഴുകി കൃഷി നശിക്കുകയും കൃഷിഭൂമിയിൽ മണ്ണടിയാനും കാരണമാകുന്നുണ്ട്.