മലപ്പുറം: നഴ്സുമാരുടെ കുറവ് ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമ്പോഴും രണ്ട് വർഷം മുമ്പ് പ്രസിദ്ധീകരിച്ച നഴ്സിങ് ഓഫീസർ ഗ്രേഡ് 2 പി.എസ്.സി റാങ്ക് പട്ടികയിൽ കാര്യക്ഷമമായി നിയമനം നടത്തുന്നില്ല. മെയിൻ ലിസ്റ്റിൽ 400 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 151 പേരും ഉൾപ്പെട്ട റാങ്ക് പട്ടിക 2022 ജനുവരിയിലാണ് പ്രസിദ്ധീകരിച്ചത്. 2025 ജനുവരി നാലിന് കാലാവധി തീരുമെന്നിരിക്കെ ഇതിനോടകം 60 നിയമനങ്ങൾ മാത്രമാണ് നടന്നത്. മുൻ വർഷം റാങ്ക് പട്ടികയിലുൾപ്പെട്ട 3,015 പേർക്ക് നിയമനം ലഭിച്ചിരുന്നു. കൃത്യമായി നിയമനം നടത്താത്തതിൽ പ്രതിഷേധിച്ച് ജില്ലയിൽ റാങ്ക് പട്ടികയിലുൾപ്പെട്ടവർ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് പരാതി നൽകിയിരുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നാല് നഴ്സുമാർ വേണ്ടിടത്ത് പലയിടത്തും രണ്ട് പേരാണുള്ളത്. കിടത്തി ചികിത്സയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒമ്പത് നഴ്സുമാർ വേണമെന്നിരിക്കെ പലയിടത്തും അഭാവം നേരിടുന്നുണ്ട്. മൂന്ന് ഷിഫ്റ്റുകളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ രാത്രി ഷിഫ്റ്റുകളിൽ ആവശ്യത്തിന് നഴ്സുമാരില്ലാത്തത് കൃത്യമായി സേവനം നൽകുന്നതിൽ തടസ്സമാകുന്നുണ്ട്.
പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയെങ്കിലും പഴയ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. ജില്ലയിലെ 30ഓളം വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സ്ഥിരനിയമന നഴ്സില്ല.
അഡ്‌ഹോക്ക് നിയമനം തകൃതി
സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയുടെ പി.എസ്.സി റാങ്ക് പട്ടിക ഉണ്ടായിട്ടും ജില്ലയിൽ 13 താൽക്കാലിക നഴ്സുമാരെയാണ് നിമയമിച്ചത്. റാങ്ക് പട്ടിക നിലവിലിരിക്കെ ഇത്തരത്തിലുള്ള അഡ്‌ഹോക്ക് നിയമനം നടത്തരുതെന്ന നിയമമുണ്ടായിട്ടും പാലിക്കപ്പെടുന്നില്ല. പട്ടികയിലുൾപ്പെട്ട പലർക്കും ഇത് അവസാന അവസരമായിരുന്നു.
ജില്ലയിൽ എത്ര സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുണ്ടെന്നത് സംബന്ധിച്ച റിപ്പോർട്ടിനായി ജില്ലാ മെഡിക്കൽ ഓഫീസർക്ക് കഴിഞ്ഞ മാസം ആർ.ടി.ഒ നൽകിയിട്ടുണ്ട്. കഴിഞ്ഞ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 200ഓളം പേർക്കാണ് ജില്ലയിൽ സ്റ്റാഫ് നഴ്സ് ആയി നിയമനം ലഭിച്ചത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടും നിയമനങ്ങളിലെ മെല്ലെപ്പോക്കിനെ നിയമപരമായി നേരിടാനാണ് തീരുമാനം.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥി