fever

മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തവും ഡെങ്കിയും വലിയ തോതിൽ വർദ്ധിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഒരാഴ്ചയ്ക്കിടെ 73 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ രോഗവ്യാപന തോത് കണക്കിലെടുത്താൽ ഇതിന്റെ ഇരട്ടിയിലധികം പേരുണ്ടാവും. പൊന്മള, വേങ്ങര, പറപ്പൂർ, എ.ആർ.നഗർ, ഒതുക്കുങ്ങൽ, പുൽപ്പറ്റ, മഞ്ചേരി നഗരസഭാ പരിധികളിൽ മഞ്ഞപ്പിത്തം വ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ കിണറുകളിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ആശാ പ്രവർത്തകർ. ആരോഗ്യ ജാഗ്രതാ വൊളന്റിയർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ കിണറുകളിൽ സൂപ്പർക്ലോറിനേഷൻ നടത്തുന്നുണ്ട്. വഴിയോരങ്ങളിൽ അനധികൃതമായി പാനീയങ്ങളുടെ വിൽപ്പന കർശനമായി തടയാനാണ് തീരുമാനം. നോമ്പ് തുറയ്ക്ക് ശേഷം ഇത്തരം കച്ചവടങ്ങൾ ജില്ലയിൽ വ്യാപകമാണ്. വിവിധ തരത്തിലുള്ള സോഡകളും ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്.

എടക്കര, ചുങ്കത്തറ, പോത്തുകല്ല് മേഖലകളിൽ മഞ്ഞപ്പിത്ത വ്യാപനത്തോത് കുറഞ്ഞത് ആശ്വാസകരമാണ്. പോത്തുകല്ല് പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് നാലുപേർ മരണപ്പെട്ടിരുന്നു. പിന്നാലെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതാണ് രോഗവ്യാപനം കുറച്ചത്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ എപ്പിഡെമിക് ഇന്റലിജൻസ് സർവീസ് ഓഫീസർ ഡോ. വിനീഷ് പണിക്കരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചുങ്കത്തറയിൽ ആരോഗ്യ പ്രവർത്തകരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. രോഗികളുടെ തുടർപരിശോധന നടത്താനും ഉറവിടം കണ്ടെത്താനുമായി പ്രോട്ടോക്കോൾ രൂപീകരിച്ച് വാർഡ് തലങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ ടീമിനെ വിനിയോഗിച്ചു.

വേനൽ രൂക്ഷമായതിന് പിന്നാലെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ മഞ്ഞപ്പിത്തം വർദ്ധിച്ച പശ്ചാത്തലത്തിൽ കുടിവെള്ളത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നുണ്ട്. കിണറുകളിൽ ക്ലോറിനേഷൻ നടത്തണം. തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ.

വില്ലനായി ഡെങ്കി

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഡെങ്കിപ്പനി വർദ്ധിച്ചു.

ഒരാഴ്ചക്കിടെ 73 പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയപ്പോൾ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എടപ്പാൾ, തുവ്വൂർ, ഒഴൂർ, പോത്തുകല്ല്, ചുങ്കത്തറ, പാണ്ടിക്കാട്, മഞ്ചേരി, കാവന്നൂർ, ചുങ്കത്തറ, ആനക്കയം, എടപ്പറ്റ, മങ്കട, ഓടക്കയം, കടലുണ്ടി നഗരം, പുളിക്കൽ, എടക്കര, പുഴക്കാട്ടിരി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.

ഒരാഴ്ചയ്ക്കിടെ 7,181 പേർക്ക് വൈറൽ പനിയും ബാധിച്ചിട്ടുണ്ട്.