vvvvvv

എടക്കര: മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന വഴിക്കടവ് റെയ്‍‍ഞ്ചിലെ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിൽ ഹിന്ദി സംസാരിക്കുന്ന യുവതിയുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് കോളനിയിൽ പരിശോധന നടത്തി. എന്നാൽ ബീഹാർ സ്വദേശിയായ യുവതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് മനസിലായതോടെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സർവ്വസജ്ജരായാണ് പൊലീസ് സംഘം കോളനിയിലെത്തിയത്.

കോളനിവാസികൾ നൽകിയ വിവരത്തെ തുടർന്ന് വഴിക്കടവ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പൊലീസെത്തിയാണ് യുവതിയെ സ്റ്റേഷനിലെത്തിച്ചത്. പിന്നീട് കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടീ ഷർട്ടും പാന്റ്സും അതിന് പുറത്ത് സാരിയും ധരിച്ചിരുന്ന ഇവർക്ക് 24 വയസ് തോന്നിക്കും. ബുധനീദേവിയെന്നും ദിൽഷൻ യാദവെന്നും മാതാപിതാക്കളുടെ പേരുപറയുന്ന യുവതി കാളിമന്ദിറിനു സമീപം, പൂർണ്ണിയ ജില്ല, പറ്റ്ന, ബീഹാർ എന്നാണ് മേൽവിലാസം പറയുന്നത്. ആഷിഷ് യാദവ് എന്നയാളാണ് ഭർത്താവെന്നും ആറ് വയസുള്ള മകളുണ്ടെന്നും പറയുന്നു.

അതേസമയം, ജനവാസ കേന്ദ്രത്തിൽനിന്ന് മൂന്നര കിലോമീറ്റർ ഉൾവനത്തിലുള്ള കോളനിയിൽ യുവതി എങ്ങനെ എത്തിപ്പെട്ടെന്ന് കണ്ടെത്താനായിട്ടില്ല. യുവതിയെ മൂന്ന് ദിവസം മുമ്പ് വഴിക്കടവ് നാടുകാണി അതിർത്തിക്കടുത്ത് ജാറത്തിനു സമീപം കണ്ടതായി ഡ്രൈവർമാർ പറയുന്നു.

വന്യജീവികളുടെ വിഹാരകേന്ദ്രമായ നെല്ലിക്കുത്ത് വനാന്തർഭാഗത്താണ് പുഞ്ചക്കൊല്ലി കോളനി. കാട്ടിലൂടെ കാൽനടയാത്ര ചെയ്ത് കോളനിയിലെത്തിയതാവാനാണ് സാദ്ധ്യത. രാത്രി കാട്ടിൽ കിടക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.