മലപ്പുറം: ജില്ലയിൽ രണ്ടരമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 6,017 മുണ്ടിനീര് കേസുകൾ. മാർച്ചിൽ ഇതുവരെ 1,706 കേസുകളും ഫെബ്രുവരിയിൽ 2,985 കേസുകളും ജനുവരിയിൽ 1,326 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ജില്ലയിൽ 851 കേസുകൾ റിപ്പോർട്ട് ചെയ്തു. ബുധൻ, ചൊവ്വ ദിവസങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 135, 152 എന്നിങ്ങനെയായിരുന്നു.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. കഴിഞ്ഞ വർഷം 866 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഉമിനീർ ഗ്രന്ഥികളിലെ വീക്കമാണ് പ്രധാന രോഗലക്ഷണം. പാരമിക്‌സൊ വൈറസാണ് രോഗാണു. അഞ്ച് മുതൽ 15 വയസ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലും.
കുട്ടികൾക്ക് 16 മുതൽ 24 വരെയുള്ള മാസങ്ങളിൽ എം.എം.ആർ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിലൂടെ മുണ്ടിനീരിനെ പ്രതിരോധിക്കാം. എം.എം.ആർ വാക്സിൻ സ്വീകരിച്ച കുട്ടികളിലും മുണ്ടിനീര് ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിലും ഗുരുതരമാവുന്നില്ല. മറ്റ് ജില്ലകളെ അപേക്ഷിച്ച് ജനസംഖ്യ കൂടുതലായതിനാലും വാക്സിനോട് പൊതുവേ വിമുഖത കാണിക്കുന്നതുമാണ് ജില്ലയിൽ രോഗികളുടെ എണ്ണം കൂടാനിടയാക്കുന്നത്.
ബാക്ടീരിയ മൂലമുണ്ടാകുന്ന ഉമിനീർ ഗ്രന്ഥിയുടെ വീക്കത്തിലും മുണ്ടിനീരിലും സമാന ലക്ഷണങ്ങളാണ് പൊതുവേയുള്ളത്. ഇതിലേതെന്ന് സ്ഥിരീകരിക്കാത്ത കേസുകളുടെ റിപ്പോർട്ട് മലപ്പുറം ഡി.എം.ഒ ഓഫീസിലേക്ക് ആശുപത്രികളിൽ നിന്നും അയച്ചിട്ടുണ്ട്. ചൂടുകാലത്ത് ഉമിനീർ ഗ്രന്ഥിയ്ക്ക് ബാക്ടീരിയ മൂലം അണുബാധ വരാനുള്ള സാദ്ധ്യതയുണ്ട്.
വേണം ബോധവത്കരണം
സ്‌കൂളുകളും അങ്കണവാടികളും പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നുണ്ട്. മേൽമുറി വടക്കേപ്പുറം സ്‌കൂൾ വിദ്യാർത്ഥികളിൽ പലരിലും ഉമിനീർ ഗ്രന്ഥികളിലെ വീക്കം കൂടുതലായ സാഹചര്യത്തിൽ ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലെത്തിക്കാനും മറ്റുള്ളവരുമായി ഇടപഴകുന്നത് ഇല്ലാതാക്കാനുമടക്കമുള്ള നിർദ്ദേശങ്ങൾ അധികൃതർ നൽകിയതിനെ തുടർന്ന് നിയന്ത്രണ വിധേയമായിരുന്നു.
ലക്ഷണങ്ങളെ അവഗണിക്കരുത്
പ്രാരംഭ ലക്ഷണങ്ങളെ അവഗണിച്ചാൽ തലച്ചോർ, അണ്ഡാശയം, വൃഷണം, പാൻക്രിയാസ് ഗ്രന്ഥി എന്നിവയെയും ബാധിക്കും. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം, വിശപ്പില്ലായ്മ, ക്ഷീണം എന്നിവ അനുഭവപ്പെടാം. വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്. അസുഖം ബാധിച്ചവർ പൂർണ്ണമായും ഭേദമാകുന്നത് വരെ വീട്ടിൽ വിശ്രമിക്കണം. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുകയും ചെയ്യുന്നതിലൂടെ രോഗവ്യാപനം കുറയ്ക്കാം. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ സാധാരണയായി രോഗം ഭേദമാകും.
മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഈ വർഷം ഇതുവരെ കുട്ടികളുടെ ഒ.പിയിൽ 250ഓളം കേസുകളും മുതിർന്നവരുടെ ഒ.പിയിൽ 20 കേസുകളും 1,400 ഓളം കേസുകൾ കാഷ്വാലിറ്റിയിലും മുണ്ടിനീരിന്റെ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് വന്നിട്ടുണ്ട്. ഇത് മുണ്ടിനീരോണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഡോ.അജേഷ് രാജൻ, മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട്