
മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വരുന്നതോടെ മലപ്പുറത്തും പൊന്നാനിയിലും പ്രചാരണ ചൂട് വീണ്ടും കനക്കും. പ്രചാരണത്തിന് ഇനിയെത്ര ദിവസം ലഭിക്കുമെന്നതടക്കം വ്യക്തമാവുന്നതോടെ നേരത്തെ തയ്യാറാക്കിയ പ്രചാരണ ഷെഡ്യൂളിൽ മാറ്റം വരുത്താനാണ് മുന്നണികളുടെ തീരുമാനം. മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതും റംസാൻ നോമ്പും കാരണം പ്രചാരണം തണുത്തിട്ടുണ്ട്. റോഡ് ഷോയും പ്രമുഖരെ സന്ദർശിച്ചും ഓരോ നിയോജക മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചും എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ ആദ്യഘട്ട പര്യടനം പൂർത്തിയാക്കിയിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥികൾ ആദ്യഘട്ട പ്രചാരണത്തിന്റെ തുടക്കത്തിലാണ്. കോളേജുകൾ വേനലവധിക്ക് അടയ്ക്കുന്നത് മുന്നിൽകണ്ട് കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് മുന്നണികൾ പ്രാമുഖ്യമേകിയിരുന്നു. നോമ്പിനൊപ്പം കടുത്ത വേനൽ കൂടി വന്നത് പ്രചാരണത്തിന്റെ ആവേശം ചോർത്തുന്നുണ്ടെന്ന് സമ്മതിക്കുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നാൽ കാര്യങ്ങൾ മാറിമറിയുമെന്ന് ഏകസ്വരത്തിൽ പറയുന്നു.
നോമ്പിന് തൊട്ടുമുമ്പ് വരെ അതിരാവിലെ ഇറങ്ങി ഉച്ചയ്ക്ക് വിശ്രമിച്ച ശേഷം വൈകിട്ട് മൂന്നോടെ പ്രചാരണം പുനഃരാരംഭിക്കുന്ന രീതിയാണ് സ്ഥാനാർത്ഥികൾ പിന്തുടർന്നിരുന്നത്. നോമ്പ് കാലത്ത് അതിരാവിലെയും വൈകിട്ടും തിരഞ്ഞെടുപ്പ് പ്രചാരണം വേണ്ടത്ര ഫലപ്രദമാവില്ലെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. രാവിലെ ഒമ്പതോടെ സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്ത് സജീവമാകും. വെയിൽ കനക്കുന്നതോടെ സ്‌ക്വാഡുകളായി തിരിഞ്ഞ് ഗൃഹസന്ദർശനമാണ് ലക്ഷ്യമിടുന്നത്.
പൗരത്വമാണ് പിടിവള്ളി
പൗരത്വ ഭേദഗതി നിയമം പ്രധാന പ്രചാരണായുധമാക്കാൻ തന്നെയാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും തീരുമാനം. ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത് യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നു. കേരളത്തിൽ പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പ്രഖ്യാപനം ഇടതും പ്രചാരണായുധമാക്കുന്നുണ്ട്. മതാടിസ്ഥാനത്തിൽ ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ലെന്നത് ഉയർത്തികാട്ടിയാണ് എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രതിരോധം.
വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജ പ്രചാരണത്തിൽ ഏറെ മുന്നേറിയിട്ടുണ്ട്. രാഹുൽഗാന്ധി വീണ്ടും മത്സരിക്കുമെന്ന പ്രതീതിയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ഇന്ന് തുടക്കമിടും. ഏറനാട് നിയോജക മണ്ഡലം കൺവെൻഷൻ രാവിലെ 9.30ന് അരീക്കോട് സൺസിറ്റി ഓഡിറ്റോറിയത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.