
മലപ്പുറം: സി.എ.എയെ എതിർത്ത് പാർലമെന്റിൽ വോട്ട് ചെയ്തത് ഇടത് എം.പി എ.എം.ആരിഫ് മാത്രമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിലെ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്ലിനെതിരെ തടസ്സവാദമുന്നയിച്ച് പ്രമേയമവതരിപ്പിച്ച പത്ത് പേരിൽ താനും പി.കെ.കുഞ്ഞാലിക്കുട്ടിയുമുണ്ട്. ഇതിന് കഴിയാതിരുന്നതിലെ ജാള്യത മറച്ചുവയ്ക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. ബില്ലിനെ എതിർത്തുള്ള ചർച്ചയിൽ 48 പേർ പങ്കെടുത്തപ്പോൾ അതിലും ലീഗിന്റെ രണ്ട് എം.പിമാർ ഉണ്ടായിരുന്നു. ബില്ല് പാസായതിന്റെ തൊട്ടുടുത്ത ദിവസവും വിജ്ഞാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലീഗ് സുപ്രീംകോടതിയ സമീപിച്ചിട്ടുണ്ട്. ലീഗ് എം.പിമാരുടെ ഇടപെടൽ പാർലമെന്റ് രേഖകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും ഇ.ടി പറഞ്ഞു.
കോൺഗ്രസിന് മൃദുഹിന്ദുത്വമില്ല
കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനമെന്നത് എതിരാളികൾ പരത്തുന്ന അസത്യമാണ്. കുഞ്ഞാലിക്കുട്ടി അങ്ങനെ പറഞ്ഞിട്ടില്ല. എല്ലാ ജനവിഭാഗങ്ങളേയും പ്രതിനിധീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. സി.എ.എ അപകടകരമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അദ്ധ്യക്ഷനടക്കം കൃത്യമായ നിലപാടെടുത്തിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസിൽ ആർക്കും വ്യത്യസ്തമായ സമീപനരീതിയില്ല. ബാബരി മസ്ജിദ് പൊളിക്കുന്നതിന് കോൺഗ്രസ് കൂട്ടുനിന്നെന്ന് പറയുന്നത് ശരിയല്ല. കോൺഗ്രസ് ഭരിച്ചപ്പോഴാണ് രാജ്യത്ത് മതേതരത്വം ഏറ്റവും ശക്തിപ്പെട്ടത്.
മോദി ഫാക്ടറില്ല
കേരളം രാഷ്ട്രീയ പ്രബുദ്ധതയുള്ള നാടാണ്. മോദിയുടെ വർണ്ണപ്പൊലിമയിലും പ്രദർശനപരതയിലും വീഴുന്ന ജനതയല്ല. രാജ്യത്തെ എങ്ങോട്ടാണ് മോദി കൊണ്ടുപോവുന്നതെന്ന് കൃത്യമായി കേരളത്തിനറിയാം. മതേതരത്വവും ജനാധിപത്യവും തകർക്കാൻ ചെയ്യാൻ പറ്റുന്നതെല്ലാം കേന്ദ്രം ചെയ്തിട്ടുണ്ട്. പാർലമെന്റിൽ പ്രസംഗിച്ചതിന് എം.പിയെ പുറത്താക്കി. പ്രതിപക്ഷത്തെ ഭൂരിഭാഗം എം.പിമാരേയും സസ്പെൻഡ് ചെയ്തു. മോദിക്ക് പാർലമെന്റിനോട് പുച്ഛമാണ്. നിയമ നിർമ്മാണങ്ങൾക്കായി മന്ത്രിമാർ എണീക്കുമ്പോഴാണ് എം.പിമാർ പോലും കാര്യമറിയുന്നത്. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് തന്നെ നിർണ്ണായകമായ തിരഞ്ഞെടുപ്പാണിത്.
പൊന്നാനിക്കാർക്ക് സങ്കടം
15 വർഷം എം.പിയും 15 വർഷം തിരൂരിലെ എം.എൽ.എയുമായിട്ടുണ്ട്. മലപ്പുറത്തേക്ക് പോയതിൽ പൊന്നാനിക്കാർക്ക് വിഷമമുണ്ട്. സമദാനിക്ക് കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം ലഭിക്കും. മലപ്പുറം തന്റെ നാടായതിനാൽ യാതൊരു അപരിചിതത്വവുമില്ല. മലപ്പുറത്ത് ചരിത്ര ഭൂരിപക്ഷമുണ്ടാവും.
സർക്കാരിനെ വിലയിരുത്തും
പാർലമെന്റ് തിരഞ്ഞെടുപ്പാണെങ്കിലും സംസ്ഥാന സർക്കാർ കൂടി വിലയിരുത്തപ്പെടും. തീർത്തും മോശം പ്രവർത്തനങ്ങളുമായി താഴേക്ക് പോവുകയാണ് സർക്കാർ. ഉന്നതതലങ്ങളിലെ അഴിമതി ജനങ്ങൾ കാണുന്നുണ്ട്. ഇത്രയും ദ്രോഹം ചെയ്യാൻ ഭരണകൂടത്തിന് കഴിയുമോ എന്നത് കേന്ദ്ര സർക്കാരും തെളിയിച്ചു.
ഞാനിടുന്നത് മികച്ച മാർക്ക്
പാർലമെന്റിൽ 94 ശതമാനം ഹാജരുമായി ദേശീയ,സംസ്ഥാന ശരാശരിക്ക് മുകളിലാണ്. 219 ചോദ്യങ്ങളുന്നയിച്ചു. 102 ചർച്ചകളിൽ പങ്കെടുത്തു. പ്രധാന വിഷങ്ങളിലെല്ലാം സജീവമായി ഇടപെട്ടു. പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനവും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട വടക്കേയിന്ത്യയിലെ ഗ്രാമങ്ങളും സന്ദർശിച്ച് ഇക്കാര്യങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിച്ചു. സി.എച്ച് സെന്റർ ഉൾപ്പെടെ ജീവകാരുണ്യപ്രവർത്തന രംഗത്തും സജീവമാണ്.
നോമ്പൊന്നും തളർത്തില്ല
നോമ്പാണ് എന്നതിനാൽ പ്രചാരണരീതി മാറ്റേണ്ട കാര്യമില്ല. ഉത്തരേന്ത്യയിലെ വിദൂരഗ്രാമങ്ങളിലേക്ക് ഏറെദൂരം യാത്ര ചെയ്ത് നിരന്തരം എത്താറുണ്ട്. അത്തരം വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണമൊന്നും ഒരു പ്രയാസമേയല്ല.
ഒരുസ്വപ്ന പദ്ധതിയുണ്ട്
ഭിന്നശേഷിക്കാർ ഏറെയുള്ള മലപ്പുറത്ത് ഇവർക്ക് തണലാവാൻ ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ടുവരണമെന്നതാണ് സ്വപ്ന പദ്ധതി.