മലപ്പുറം: മലപ്പുറം നഗരത്തിലെ സപ്ലൈകോ ഔട്ലെറ്റിൽ 13 ഇന സബ്സിഡി സാധനങ്ങളിൽ വെളിച്ചെണ്ണ മാത്രമാണ് സ്റ്റോക്കുള്ളത്. കുറുവ അരി, ചെറുപയർ, മല്ലി എന്നിവ എത്തിയിട്ട് രണ്ടരമാസമായി. ഓണത്തിന് മുമ്പ് എത്തിയ അരി വിഭാഗത്തിൽപ്പെട്ട ജയ, മട്ട, പച്ചരി എന്നിവ പിന്നീട് എത്തിയിട്ടില്ല.വിലക്കയറ്റം മൂലം പ്രതിസന്ധിയിലാകുന്ന സാധരണക്കാർക്ക് ആശ്രയമാകേണ്ട സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളിൽ ആവശ്യക്കാരേറെയുള്ളത് അരിയ്ക്കായിരുന്നു. എന്നാൽ, അരിയ്ക്കായി ഇടയ്ക്കിടെയെത്തി നിരാശരായി മടങ്ങുന്നത് പതിവായതിനാൽ ആളുകളുടെ വരവും കുറഞ്ഞു. ഏകദേശം 1,200 കിലോ അരിയാണ് സപ്ലൈകോയിൽ ഒരുദിവസം വിറ്റഴിച്ചിരുന്നത്.പത്ത് കിലോ അരി അഞ്ച് കിലോ വീതം മാസത്തിൽ രണ്ട് തവണയായാണ് സബ്സിഡി നിരക്കിൽ നൽകിയിരുന്നത്. പയർ വർഗങ്ങളും പഞ്ചസാരയും ഒരു കിലോ വീതവും മല്ലിയും പരിപ്പും അരക്കിലോ വീതവുമാണ് വിതരണം ചെയ്യാറുള്ളത്. സപ്ലൈക്കോയ്ക്ക് സാധനം വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകേണ്ട തുക വലിയ തോതിൽ കുടിശ്ശികയായതാണ് സപ്ലൈക്കോയിലെ സാധനങ്ങളുടെ ക്ഷാമത്തിന് കാരണം. പണം ലഭിക്കാത്തതോടെ പല കമ്പനികളും ടെൻഡറിൽ നിന്ന് പിന്മാറുകയായിരുന്നു.
വില വർദ്ധനവ് ഗുണമായില്ല
13 ഇന സബ്സിഡി സാധനങ്ങളുടെ വില ഭക്ഷ്യവകുപ്പിന്റെ അഭ്യർത്ഥനയെത്തുർന്ന് ഈയിടെ വർദ്ധിപ്പിച്ചെങ്കിലും വിലവർദ്ധനവിൽ നേട്ടം ലഭിക്കണമെങ്കിൽ സാധനങ്ങൾ കടകളിലെത്തുന്ന സ്ഥിതിയുണ്ടാവണം. പൊതുവിതരണ സംവിധാനങ്ങളെക്കൊണ്ട് ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ആന്ധ്രയിൽ വേണ്ടത്ര ചരക്കില്ലാത്ത സാഹചര്യവും തെലങ്കാനയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വിലയുമുള്ളത് പ്രശ്നം ദുസഹമാക്കുന്നു. 55 ശതമാനം സബ്സിഡി നൽകിയായിരുന്നു നേരത്തെ സപ്ലൈകോ വഴി സാധനങ്ങൾ വിതരണം ചെയ്തിരുന്നത്. പുതുക്കിയ വില പ്രകാരം അതിൽ 20 ശതമാനം കുറച്ച് 35 ശതമാനം സബ്സിഡിയോടെയാണ് സാധനങ്ങൾ വിതരണം ചെയ്യുക.
വരുമാനത്തിൽ
ഇടിവ്
നേരത്തെ, നാല് ദിവസം ഇടവിട്ട് സാധനങ്ങൾ എത്തുന്ന സ്ഥിതിയായിരുന്നു. മാസം 22 ലക്ഷം വരെ വിൽപ്പന നടത്തിയിരുന്ന ഇവിടെ കഴിഞ്ഞ മൂന്ന് മാസമായി 15 ലക്ഷം രൂപയുടെ വിൽപ്പന മാത്രമേ നടന്നിട്ടുള്ളൂ.