ടി.എ.രാജഗോപാൽ
നിലമ്പൂർ: ജില്ലയിലെ ഏകചെറുകിട ജലവൈദ്യുതി കേന്ദ്രമായ ആഢ്യൻപാറ ജലവൈദ്യുതികേന്ദ്രത്തിൽ വൈദ്യുതി ഉത്പാദനം നാമാത്രമായി ചുരുങ്ങി. കടുത്തവരൾച്ചയിൽ വൈദ്യുതി ഉത്പാദനത്തിനായി ആശ്രയിക്കുന്ന കാഞ്ഞിരപ്പുഴ വറ്റിവരണ്ടതാണ് ഉത്പാദനം കുറയാൻ കാരണം. ചെക്ക്ഡാമിൽ കാൽഭാഗം പോലും വെള്ളം നിലനിർത്താനാവുന്നില്ല. നിലവിൽ എല്ലാദിവസവും ചെക്ക്ഡാമിലെ വെളളം പെൻസ്റ്റോക്കിലൂടെ തുറന്നുവിട്ടാണ് 500 യൂണിറ്റ് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കുന്നത്. ഒരു മണിക്കൂർ നേരത്തേക്കാണ് ഇത്തരത്തിൽ പെൻസ്റ്റോക്ക് വഴി വെള്ളം തുറന്നുവിടുന്നത്. അപ്പോഴേക്കും ചെക്കിഡാമിലെ വെള്ളം തീരും. 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബി ഓരോ വർഷവും ലക്ഷ്യമിടുന്നത്. എന്നാൽ ഈ വർഷം ഇതുവരെ 76 ലക്ഷം യൂണിറ്റ് വൈദ്യുതി മാമ്രേ ഉത്പാദിപ്പിക്കുവാൻ സാധിച്ചിട്ടുള്ളൂ. കഴിഞ്ഞ വർഷം 94 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനം നടത്തി. അതിന് മുൻ വർഷം 120 ലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിക്കാനായി. വേനൽമഴ ലഭിച്ചാൽ മാത്രമേ ഇനി ഉത്പാദനം കൂട്ടാൻ കഴിയുകയുള്ളൂ. നിലവിൽ ചെക്ക്ഡാമിൽ കാൽഭാഗം വെള്ളം നിറയണമെങ്കിൽ പോലും 24 മണിക്കൂറും ചിലപ്പോൾ 48 മണിക്കൂർ വരെ സമയമാകാറുണ്ട്.
2015 സെപ്റ്റംബർ മൂന്നിന് കമ്മീഷൻ ചെയ്ത ഈ പദ്ധതി പ്രളയമടക്കമുള്ള പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് വൈദ്യുതി ഉത്പാദനം നടത്തുന്നത്.കഴിഞ്ഞ മഹാപ്രളയങ്ങളിൽ ഉൽപ്പാദന സ്റ്റേഷനിലേക്ക് വെള്ളം വരുന്ന തുരങ്ക മുഖവും മൂന്ന് ജനറേറ്ററുകളും മണ്ണിനിടയിൽ പെട്ട് പോയിട്ടും കഠിനാധ്വാനം ചെയ്താണ് മുൻകാല ജീവനക്കാരും ഉദ്യോഗസ്ഥരും ഈ പവർ സ്റ്റേഷനെ ജീവസുറ്റതാക്കിയത്. പിന്നീട് അനുകൂല കാലാവസ്ഥയും സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള ആസൂത്രണവും സമയാസമയങ്ങളിലെ അറ്റകുറ്റപ്പണികളും വാർഷിക ഉത്പാദന ലക്ഷ്യം വേഗത്തിൽ സാക്ഷാത്കരിക്കാൻ സഹായകമായിട്ടുണ്ട്.
ഹൈഡ്രൽ ടൂറിസം കൂടി ലക്ഷ്യം
വൈദ്യുതി ഉത്പാദനം മാത്രല്ല ഹൈഡ്രൽ ടൂറിസം കൂടി ലക്ഷ്യം വെച്ചാണ് നാമമാത്രമായെങ്കിലും ഉത്പാദനം നടത്തുന്നത്. വൈദ്യുതി ഉത്പാദനത്തിനായി ചെക്ക്ഡാമിലെ വെള്ളം പെൻസ്റ്റോക്ക് വഴി വൈദ്യുത നിലയിലെത്തിച്ച ശേഷം ഈ വെള്ളം പിന്നീട് ആഢ്യൻപാറ ഇക്കോ ടൂറിസം കേന്ദ്രത്തിലെ വെള്ളചാട്ടത്തിലേക്കാണ് എത്തുന്നത്. ഈ ഒഴുക്ക് വിനോദ സഞ്ചാരികൾക്ക് നയനമനോഹരമായ കാഴ്ച്ച കൂടിയാണ്. മൂന്നര മെഗാവാട്ട് ശേഷി മാത്രമുള്ള ആഢ്യൻപാറ പദ്ധതി മഴയെ ആശ്രയിച്ചാണ് കഴിയുന്നത്.
പുഴയും നീരുറവയും വറ്റിവരണ്ട അവസ്ഥയിലാണ്. ചെറിയ രൂപത്തിൽ മുകളിൽ നിന്നും വരുന്ന നീരുറവ ചെക്ക്ഡാമിൽ കെട്ടി നിർത്തിയില്ലെങ്കിൽ ആ വെള്ളം ആർക്കും ഉപകാരപ്പെടില്ല. അത് ഒഴുക്കി വിട്ടാലും താഴേക്ക് പോകുംതോറും ഉപയോഗിക്കാൻ കഴിയുന്നത്ര വെള്ളം ലഭ്യമാകില്ല. നിലവിലുള്ള അവസ്ഥ തുടർന്നാൽ നീരൊഴുക്ക് പൂർണ്ണമായും നിലക്കും. വൈദ്യുതി ഉത്പാദനവും നിർത്തേണ്ടിവരും
പി.ആർ.ഗണദീപൻ
കെ.എസ്.ഇ.ബി അസി.എൻജിനീയർ
ആഢ്യന്‍പാറ ജലവൈദ്യുതികേന്ദ്രം
കാഞ്ഞിരപ്പുഴ വറ്റി വരണ്ട നിലയിൽ