പെരിന്തൽമണ്ണ: ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ വരുമാനം വീടുകളിൽ നിന്നും കടകളിൽ നിന്നും യൂസർ ഫീ ഇനത്തിൽ ലഭിക്കുന്ന തുച്ഛമായ പണമാണ്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരംശം നീക്കി വെച്ച് നിർദ്ധനരായ ഒരു രോഗിക്ക് ചികിത്സ ധനസഹായത്തിന് ഫണ്ട് കണ്ടെത്തിയിരിക്കുകയാണ് മങ്കട പഞ്ചായത്തിലെ ഹരിത കർമ്മ സേന. കാൻസർ ബാധിച്ച് ചികിത്സ തേടിയ പഞ്ചായത്തിലെ ഒരു കുടുംബത്തിന് എല്ലാ മാസവും ഒരു നിശ്ചിത സംഖ്യ നൽകുന്നതിനാണ് ഹരിത കർമ്മ സേന തയ്യാറായിട്ടുള്ളത്. തുച്ഛമായ പ്രതിഫലത്തിന് ജോലി ചെയ്യുന്ന ഹരിത കർമ്മ സേനയുടെ ഈ പ്രവർത്തനം പുതിയ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. ഫണ്ട് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.അസ്ഗർ അലിയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന ഉമ്മർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് സലി, മറ്റു മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി ത്വാഹിറ എന്നിവർ സംബന്ധിച്ചു.

ഹരിത കർമ്മ സേനയുടെ ഫണ്ട് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം നിർവഹിക്കുന്നു