
കോട്ടക്കൽ: പറപ്പൂർ സബീലുൽ ഹിദായ ഇസ്ലാമിക് കോളേജ് പൂർവ വിദ്യാർഥി സംഘടന ഇൻസാഫ് സംഘടിപ്പിച്ച രണ്ടാമത് റമദാൻ പ്രഭാഷണം സമാപിച്ചു. കോട്ടക്കൽ പി.എം ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച സി.എച്ച് ബാപ്പുട്ടി ഉസ്താദ് നഗരിയിലായിരുന്നു പ്രഭാഷണം. രാവിലെ ഒമ്പതരക്ക് തുടക്കം കുറിച്ച പരിപാടി സബീലുൽ ഹിദായ മുഖ്യ കാര്യദർശി സി.എച്ച് ബാവ ഹുദവിയുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വിശുദ്ധ റമദാനിൽ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം തുടർ ജീവിതത്തിലും നിലനിർത്താൻ വിശ്വാസികൾ ശ്രമിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നിർവഹിച്ചു. ടി. അബ്ദുൽ ഹഖ് ആശംസാഭാഷണവും അബ്ദുന്നാസർ ഹുദവി പൈങ്കണ്ണൂർ നന്ദിപ്രസംഗവും നടത്തി. സ്ഥാപന മാനേജ്‌മെന്റ് ഭാരവാഹികളും മഹല്ല് നേതാക്കളും മറ്റു മതസാമൂഹികസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു.