
നിലമ്പൂർ: പന്തീരായിരം വനമേഖലയിൽ ഉൾപ്പെട്ട ആഢ്യൻപാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള വാച്ച് ടവർ സാമൂഹ്യ വിരുദ്ധരുടെ താവളമായി. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി 2014ലാണ് വനംവകുപ്പ് വാച്ച് ടവർ നിർമ്മിച്ചത്.
12 ലക്ഷം രൂപ മുടക്കി പുനരുദ്ധരിച്ച വാച്ച് ടവറിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനും രാത്രി താമസിക്കാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആഢ്യൻപാറ വന സംരക്ഷണ സമിതിക്കാണ് ടവറിന്റെ നടത്തിപ്പ് ചുമതല. 2019ലെ പ്രളയം വരെ നന്നായി പ്രവർത്തിച്ചിരുന്നുവെന്നും പ്രളയത്തിന് ശേഷമാണ് പ്രവർത്തനം താറുമാറായതെന്നും നിലവിലെ വി.എസ്.എസ് പ്രസിഡന്റ് തോണിയിൽ സുരേഷ് പറഞ്ഞു.
പ്രളയത്തിൽ കാഞ്ഞിരപ്പുഴയിൽ നിന്നും വാച്ച്ടവറിലേക്ക് കയറുന്ന പടവുകൾ തകർന്നു. കനത്ത മഴയിൽ ആനക്കൂട്ടം ചവിട്ടി തകർത്തതാണ് പടവുകളെന്നാണ് പറയുന്നത്. പിന്നീട് വന്ന വി.എസ്.എസ് കമ്മിറ്റികൾ വാച്ച് ടവറിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടു. വാച്ച് ടവറിന്റെ പ്രവർത്തനം നിലച്ചതോടെ ഈ ഭാഗം സാമൂഹ്യവിരുദ്ധരുടെ താവളമായി. പുഴയുടെ അരികിൽ കുടിൽ കെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും ഭീഷണിയാണ് ഇവിടെയെത്തുന്ന സാമൂഹ്യ വിരുദ്ധർ. വാച്ച് ടവറിനുള്ളിൽ നിറയെ വവ്വാൽകൂട്ടമാണ്. കസേരകളും കട്ടിലും പൊടി പിടിച്ചുകിടക്കുകയാണ്. ഉപയോഗമില്ലാത്തിനാൽ ശുചിമുറിയും മറ്റു മുറികളും കറ പിടിച്ചും നാശമായിട്ടുണ്ട്. ജനലുകളുടെ ഗ്ലാസുകൾ തകർത്ത നിലയിലുമാണ്.
പുതുതായി തിരഞ്ഞെടുത്ത വി.എസ്.എസ് കമ്മിറ്റി വീണ്ടും വനം വകുപ്പിനെ സമീപിച്ചിട്ടുണ്ട്. വഴിയും വാച്ച് ടവറും നന്നാക്കി സഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അവർ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
വിനോദ സഞ്ചാരം നിലച്ചു
വാച്ച് ടവർ പദ്ധതി വീണ്ടും അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനാണ് ശ്രമം. വിനോദസഞ്ചാരമേഖലയുടെ അഭിവൃദ്ധിക്കും പ്രദേശവാസികൾക്ക് തൊഴിൽ ലഭിക്കാനും ഇതേറെ ഗുണം ചെയ്യും
തോണിയിൽ സുരേഷ്
വി.എസ്.എസ് അംഗം
2014ലാണ് വാച്ച് ടവർ പദ്ധതിക്ക് തുടക്കം കുറിച്ചത്.