
മലപ്പുറം: ജനങ്ങൾക്കെപ്പോഴും ലഭ്യമാകുന്ന, അവരുടെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുന്ന ജനകീയനായ ജനപ്രതിനിധിയെയാവും തന്നിലൂടെ ജനങ്ങൾക്ക് ലഭിക്കുകയെന്ന് എൽ.ഡി.എഫ് മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി വി. വസീഫ് പറഞ്ഞു. മതനിരപേക്ഷ പക്ഷത്ത് പാർലമെന്റിൽ ഉറച്ച നിപാടുകളുമായുണ്ടാകുമെന്നും വസീഫ് മലപ്പുറം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദ കാൻഡിഡേറ്റ്' പരിപാടിയിൽ പറഞ്ഞു.
സി.എ.എയിൽ
വിട്ടുവീഴ്ചയില്ല
സി.എ.എ ഉൾപ്പെടെ ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനെിരെ ഉറച്ച നിലപാടുകൾ സ്വീകരിക്കും. സി.എ.എ വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് ആത്മാർത്ഥയില്ലാത്തതായിരുന്നു. പാർലമെന്റിൽ അവരെടുത്ത നിലപാട് പരിശോധിച്ചാൽ ഇക്കാര്യം മനസിലാവും. മലപ്പുറത്ത് ഒരു നിലപാടും ഡൽഹിയിൽ മറ്റൊരു നിലപാടുമാണ് അവർ സ്വീകരിച്ചത്. പാർലമെന്റിൽ ഈ വിഷയം ചർച്ചെയ്ക്കെടുത്തപ്പോൾ മുസ്ലിം ലീഗ് അംഗങ്ങൾക്ക് മുട്ടു വിറയ്ക്കുന്നതാണ് കണ്ടത്. ഇതെല്ലാം ജനത്തിന് മനസ്സിലായിട്ടുണ്ട്.
വികസനം പ്രശ്നമാണ്
റെയിൽവേ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിലവിലെ എം.പി ഒന്നും ചെയ്തില്ല. ജില്ലയിലെ റെയിൽവേ വികസനം തുടങ്ങിയ ഇടത്തു തന്നെയാണ്. പെരിന്തൽമണ്ണ അലിഗഡ് സർവകലശാല ഓഫ് ക്യാമ്പസ് പ്രവർത്തനവും മന്ദഗതിയിലാണ്. ഇതിൽ ഇടപെടലുകൾ നടത്താൻ മണ്ഡലത്തെ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികൾക്കായിട്ടില്ല. അത്തരമൊരു നീക്കത്തിന് പരിഹാരം കാണാനുള്ള ശ്രമം തീർച്ചയായുമുണ്ടാവും.
2004 ആവർത്തിക്കും
2004ൽ മഞ്ചേരി മണ്ഡലത്തിൽ ഉണ്ടായ ഫലം മണ്ഡലത്തിൽ നിന്ന് ലഭിക്കും. മണ്ഡലത്തെ കുത്തകയാക്കിയ മുസ്ലിം ലീഗിനെ അട്ടിമറിച്ചാണ് ടി.കെ.ഹംസ മഞ്ചേരിയിൽ നിന്ന് വിജയം കണ്ടത്. അത് ഈ തവണയും ആവർത്തിക്കും. 2004ലെ രാഷ്ട്രീയ സാഹചര്യമാണ് 2024ലും നിലനിൽക്കുന്നത്.
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിറുത്താൻ യു.പി.എ സംഖ്യത്തിന് നിരുപാധിക പിന്തുണ അന്ന് നൽകി. ഇപ്രാവശ്യവും ബി.ജെ.പിയെ അകറ്റി നിറുത്താൻ അധികാര കസേരകൾക്ക് പിന്നിൽ പോകാതെ ഉറച്ച നിലപാടുകളുമായി പാർലമെന്റിൽ ഇടതുപക്ഷ എം.പിമാർ ഉണ്ടാവും. ജനങ്ങളുടെ ഇടയിലൂടെയുള്ള പ്രചാരണത്തിൽ നിന്ന് ആതാണ് മനസ്സിലാവുന്നത്. ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ബോധ്യപ്പെടുത്തിയും അതോടൊപ്പം വികസന കാര്യങ്ങൾ ചർച്ച ചെയ്തുമാണ് തിരഞ്ഞെടുപ്പ് പ്രചരണം മുന്നോട്ട് പോകുന്നത്.
സംസ്ഥാന ഭരണവും
വിലയിരുത്തും
സംസ്ഥാന സർക്കാരിന്റെ ഭരണ വിലയിരുത്തൽ കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. പ്രതിസന്ധികൾക്ക് നടുവിലിരുന്നും ജനങ്ങളെ ചേർത്തു പിടിച്ച സർക്കാരാണ് കേരളത്തിലുള്ളത്.
ആ സർക്കാരിന്റെ ഭരണനേട്ടവും ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് കൂടുതൽ സമയമുള്ളത് ബുദ്ധിമുട്ടല്ല. ജനങ്ങളോട് കൂടുതൽ സംവദിക്കാൻ കഴിയുന്നത്ഗുണകരമാണ്.