
കാളികാവ്: നിലവിൽ വന്ന് അഞ്ചുവർഷം കഴിഞ്ഞിട്ടും ഒരു സംരംഭം പോലും തുടങ്ങാത്ത കാളികാവ് മിനി വ്യവസായ എസ്റ്റേറ്റ് നടപ്പുവർഷം തന്നെ പ്രവർത്തന ക്ഷമമാക്കാൻ നടപടി.ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബി.ഡി.ഒ സി.വി .ശ്രീകുമാർ പറഞ്ഞു.
മിനി എസ്റ്റേറ്റിന്റെ ശോച്യാവസ്ഥ കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
2017-18ൽ നിലവിൽ വന്ന മിനി വ്യവസായ എസ്റ്റേറ്റിൽ സംരംഭകർക്ക് താങ്ങാനാവാത്ത നിയമ വ്യവസ്ഥയാണ് തടസ്സമായി നിലനിന്നതെന്ന് ബി.ഡി.ഒ പറഞ്ഞു. ഹയർ പർച്ചേയ്സ് ഇൻഡസ്ട്രിയൽനിയമമനുസരിച്ച് 10 സെന്റിന്റെ ഒരു യൂണിറ്റിന് 30 വർഷത്തേക്ക് 30ലക്ഷം രൂപ വില നിശ്ചയിച്ച് പാട്ടത്തിനാണ് അനുവദിക്കുന്നത്.15 ലക്ഷം മുൻകൂറായും ബാക്കി ഗഡുക്കളായും അടയ്ക്കണം. 30 വർഷത്തിനുശേഷം സ്ഥലം ബ്ലോക്ക് പഞ്ചായത്തിന് തിരിച്ചേൽപ്പിക്കണം. ഇതാണ് സംരംഭകരെ അകറ്റിയത്. നിലവിൽ നിയമ ഭേഭഗതിയോടെ ബ്ലോക്കിനു കീഴിൽ പുതിയ ഭരണഘടന തയ്യാറാക്കി ഇലക്ഷനു ശേഷം ബോർഡ് യോഗം ചേർന്ന് അംഗീകരിച്ച് വ്യവസായവകുപ്പിന് സമർപ്പിക്കും. ഭൂമിയുടെ വില നിശ്ചയിച്ച് ഗഡുക്കളായി സംരംഭകരിൽ നിന്ന് ഈടാക്കും. സെന്റിന് 1.07 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.നിശ്ചിത കാലാവധിക്കു ശേഷം ഭൂമിയുടെ ഉടമസ്ഥാവകാശം സംരംഭകർക്ക് നൽകും.