
ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്. കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു. ഇതോടെ, ചെറുതോണികളിൽ മീൻപിടിച്ച് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണ്.
മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. ഇന്ത്യൻ ഓഷൻ ഡൈപോളാർ എന്ന പ്രതിഭാസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ രണ്ടിടങ്ങൾ തമ്മിൽ താപനിലയിൽ വ്യത്യാസം ഉണ്ടാവുന്നതാണ് ഓഷൻ ഡൈപോളാർ. ഇത്തരം സാഹചര്യം വരുമ്പോൾ ചൂട് കൂടിയ ഇടത്ത് നിന്നും കുറഞ്ഞ സ്ഥലത്തേക്ക് മത്സ്യങ്ങൾ പോകും. ഇതോടെ ഓഷൻ ഡൈപോളാർ പോസിറ്റീവായ പ്രദേശത്തെ ചെറുമത്സ്യങ്ങളെല്ലാം അപ്രത്യക്ഷമാവും.
ചെലവ്
കൂടുന്നു
നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്. പല ദിവസങ്ങളിലും ഡീസൽ തുക ലഭിക്കാറില്ല. പിടിച്ചുനിൽക്കാൻ പ്രയാസമാകുന്നതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്.
ചെറുപ്പക്കാർ മത്സ്യബന്ധന മേഖലയിലേക്ക് വരുന്നത് കുറവാണെന്നതിനാൽ ബോട്ടുകളിൽ കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവരിൽ പലരും മത്സ്യ ലഭ്യതക്കുറവ് മൂലം നാട്ടിൽ പോയി. വരുമാനം കുറവായതിനാൽ യുവാക്കൾ മറ്റ് മേഖലകൾ തേടി പോകുകയാണ്. വലിയ ബോട്ടുകളിൽ പോയി മീൻ ലഭിക്കാതെ തിരിച്ചുവരുന്നതോടെ വലിയ നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് നേരിടേണ്ടി വരുന്നത്.
രാസവസ്തുക്കൾ കലർന്ന
മത്സ്യങ്ങളും സജീവം
മത്സ്യലഭ്യത കുറഞ്ഞതോടെ പുറത്ത് നിന്നുള്ള മീനുകളുടെ വരവ് കൂടിയിട്ടുണ്ട്. ഇവയിൽ കൃത്യമായി ഐസ് ഇടാത്തത് മൂലം പെട്ടന്ന് അഴുകുന്നതായി പലരും പരാതി പറയുന്നു. മാത്രമല്ല, വേഗത്തിൽ കേടാവാതിരിക്കാനായി വിവിധതരം രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങളും വിപണിയിലെത്തുന്നുണ്ട്.
ട്രോളിംഗ് നിരോധനത്തിന് ശേഷം ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണികൾ നടത്തിയാണ് ബോട്ടുകൾ വള്ളത്തിലിറക്കിയത്. അധിക പേരും ആധാരം പണയം വച്ചും ലോണെടുത്തും സ്വർണം പണയപ്പെടുത്തിയുമാണ് ഇതിനുള്ള തുക കണ്ടെത്തിയിരുന്നത്.
മത്സ്യവ്യാപാരം നടക്കുന്ന പ്രധാന സ്ഥലായ അഴീക്കോട് ഹാർബറിലെ മത്സ്യത്തൊഴിലാളികളും അതിജീവനത്തിനായി പോരാടുകയാണ്. ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധനയിൽ വേണ്ടത്ര വളർച്ച ഉണ്ടായിട്ടില്ല. ഇതോടെ താപനിലയിലെ വർദ്ധനവ് കൂടി ഇരട്ടിച്ചതോടെ മത്സ്യബന്ധന തൊഴിലാളികൾക്ക് ഇരട്ടി ദുരിതമായി മാറി. കാര്യമായി മീനുകൾ ലഭിക്കുന്നത് വരെ കടലിൽതങ്ങാൻ ഉയർന്ന ഇന്ധനവിലയും സമ്മതിക്കില്ല.
സർവീസുകൾ
പേരിന് മാത്രം
100 കണക്കിന് ബോട്ടുകളും വള്ളങ്ങളുമുണ്ടായിരുന്ന പല മേഖലകളിലും ഇപ്പോൾ പേരിന് മാത്രമായി സർവീസുകൾ. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്. 30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.
മത്സ്യവരവ് കുറഞ്ഞതോടെ ഹാർബറിലെ അനുബന്ധ തൊഴിലാളികളുടെയും ചില്ലറക്കച്ചവടക്കാരുടെയും നിത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചു. മാത്രമല്ല, മാലിന്യങ്ങൾ കുടുങ്ങി വല നശിക്കുന്നതും പതിവാണ്. കോഴിമാലിന്യങ്ങളും അറവ് മാലിന്യങ്ങളും പുഴയിലേക്ക് വലിച്ചെറിയുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ട്രോളിംഗ് നിരോധനം മുന്നിൽക്കണ്ട് വ്യാപാരികൾ സ്റ്റോക്ക് ചെയ്തതും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുമായ മത്സ്യങ്ങളാണ് വിപണിയിലുള്ളത്. അതുകൊണ്ട് തന്നെ വിലയിലും വർദ്ധനവുണ്ട്. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില ഉയർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പ്രത്യേക പാക്കേജ്
അനുവദിക്കണം
വലിയ നഷ്ടം നേരിടുന്ന മത്സ്യബന്ധന മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പല മത്സ്യത്തൊഴിലാളികളും ആവശ്യപ്പെടുന്നുണ്ട്. സാധാരണയായി ഈ സമയത്ത് ലഭിക്കേണ്ട മത്സ്യത്തിന്റെ നാലിലൊന്ന് പോലും കിട്ടാത്തതോടെ കുടുംബം പുലർത്താൻ നെട്ടോട്ടമോടുകയാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യ ലഭ്യത കുറഞ്ഞതോടെ ഹാർബറിലെ തൊഴിലാളികൾ, ഐസ് വ്യാപാരികൾ, അനുബന്ധ കച്ചവടക്കാർ എന്നിവർക്കും തിരിച്ചടിയായിട്ടുണ്ട്.വായ്പകളുടെ തിരിച്ചടവും രജിസ്ട്രേഷൻ പുതുക്കലുമെല്ലാം താളംതെറ്റിയ സ്ഥിതിയിലാണ് ഇവർ.
ട്രോാളിംഗ് നിരോധനസമയത്തെസാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറുമ്പോഴേക്കും എത്തിയ അമിത ചൂട് മൂലമുള്ള മത്സ്യലഭ്യതക്കുറവിൽ പകച്ച് നിൽക്കുന്ന മത്സ്യത്തൊഴിലാളികൾക്കായി സർക്കാർ ഫലപ്രദമായ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ ഈ വലിയ പ്രതിസന്ധിയിൽ നിന്നും അവർക്ക് കര കയറാൻ സാധിക്കൂ.