
പൊന്നാനി : മീനമാസത്തിലെ കടുത്ത ചൂട് വകവയ്ക്കാതെ കൊഴുക്കുകയാണ് പൊന്നാനി പാർലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം. നിലവിൽ ഇടതുസ്ഥാനാർഥി കെ.എസ്. ഹംസയുടെ ആദ്യഘട്ട പ്രചാരണം പൂർത്തിയായി യു.ഡി. എഫ് സ്ഥാനാർഥി അബ്ദുസമദ് സമദാനിയും എൻ.ഡി.എ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനും ആദ്യ ഘട്ട പ്രചാരണം ഏറെക്കുറെ പൂർത്തിയാക്കി. കോളേജുകൾ, പൊതുഇടങ്ങൾ, ഉത്സവസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മൂന്നു സ്ഥാനാർത്ഥികളും വോട്ടഭ്യർത്ഥന നടത്തുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസന നയങ്ങളെ മുൻനിറുത്തിയാണ് ഇടതു മുന്നണിയുടെ പ്രചാരണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുർഭരണം ചൂണ്ടിക്കാട്ടിയാണ് യു. ഡി. എഫ്. സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന. കേന്ദ്ര സർക്കാരിന്റെ വികസന കാര്യങ്ങളിൽ ഊന്നിയാണ് എൻ.ഡി എ ക്യാമ്പിന്റെ വോട്ടഭ്യർത്ഥന . എല്ലാ നിയോജക മണ്ഡലങ്ങളിലും എല്ലാ സ്ഥാനാർത്ഥികളും പൊതുപരിപാടികൾ നടത്തി വോട്ടഭ്യർത്ഥന നടത്തുന്നുണ്ട്. ഒപ്പം പരമാവധി വീടുകളും ആൾക്കൂട്ടങ്ങളും കേന്ദ്രീകരിച്ചും പ്രവർത്തനം നടക്കുന്നു. പഴയ ലീഗുകാരൻ കൂടിയായ സ്ഥാനാർത്ഥിയെ ഉപയോഗിച്ച് ലീഗ് കോട്ടയിൽ വിള്ളൽ വീഴ്ത്താമെന്ന ഉറപ്പിലാണ് ഇടതുമുന്നണി. ജനങ്ങളിലുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാനാണ് അബ്ദുസമദ് സമദാനിയുടെ ശ്രമം. മുൻതവണത്തെക്കാൾ വോട്ടുകൾ സമാഹരിക്കാനാണ് എൻ.ഡി.എ. ലക്ഷ്യമിടുന്നത്.