കാളികാവ്: കാളികാവ് പാറശ്ശേരി കുറുക്കനങ്ങാടി ചിറ തകർന്നിട്ട് ഏഴുവർഷമാവാറായി. ഒരു ജനതയുടെ വേനൽക്കാലത്തെ പ്രധാന ജലസ്രോതസ് ഇല്ലാതായിട്ടും ഇതുവരെയും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
അരനൂറ്റാണ്ട് മുമ്പ് ജലസേചനത്തിനും കുടിവെള്ളത്തിനുമായി അരിമണൽ പുഴയ്ക്ക് കുറുകെ നിർമ്മിച്ചതായിരുന്നു ഈ കരിങ്കൽ ചിറ. 2018ലുണ്ടായ ഉരുൾ പൊട്ടലിലാണ് ചിറ തകർന്നത്. അന്ന് ചിറയുടെ ഒരുഭാഗം തകർന്ന് പുഴ ഗതിമാറി ഒഴുകി.
ചെങ്കോട്, അടക്കാക്കുണ്ട് ഭാഗങ്ങളിലെ കൃഷിയാവശ്യത്തിനായി ഈ ചിറയിൽ നിന്നാണ് തോട് നിർമ്മിച്ച് വെള്ളം കൊണ്ടുപോയിരുന്നത്. പിന്നീട് കൃഷിയാവശ്യം ഇല്ലാതായെങ്കിലും നാടിന്റെ കുടിനീർ പ്രശ്നം പരിഹരിച്ചിരുന്നത് ഈ ചിറയാണ്.സമൃദ്ധമായ ജലാശയത്തിൽ കുളിക്കാനും അതിന്റെ സൗന്ദര്യം ആസ്വദിക്കാനുമായി നിരവധി ആളുകളെത്താറുണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ നവകേരള സദസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ചിറയുടെ ബാക്കി ഭാഗങ്ങളിൽ പൂർണ്ണമായും മണ്ണടിഞ്ഞിട്ടുമുണ്ട്.
കിണറുകളിലെ വെള്ളം വറ്റി
ചിറ എത്രയും വേഗം പുനർനിർമ്മിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കണം. വേനലാവുമ്പോൾ തന്നെ ജലക്ഷാമം രൂക്ഷമാണ്.
മുരിങ്ങാപ്പറമ്പൻ അബ്ദുൾ കരീം, പ്രദേശവാസി
2018ലെ ഉരുൾ പൊട്ടലിലാണ് ചിറ തകർന്നത്.